ന്യൂ ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കേജ്രിവാളിനുമെതിരെ പുതിയ ആരോപണങ്ങളുമായി കപില്‍ മിശ്ര. ആം ആദ്മി പാര്‍ട്ടി കള്ളപ്പണം വെളുപ്പിച്ചു എന്നും സംഭാവനലഭിച്ച പണം തിരഞ്ഞെടുപ്പ് കമ്മീഷനിനെ അറിയിക്കാതെ പൂഴ്ത്തി വച്ചു എന്നാണ് മിശ്രയുടെ ആരോപണം. കള്ളപേരുകള്‍ ഉപയോഗിച്ചും ചില കമ്പനികളെ മറയാക്കിയും ഈ പണത്തെ വെളുപ്പിച്ചു എന്നും കപില്‍ മിശ്ര ആരോപിക്കുന്നു.
2013-14 സാമ്പത്തിക വര്‍ഷത്തിലും 2014-15 സാമ്പത്തിക വര്‍ഷത്തിലും തിരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ കണക്കുകളില്‍ ആം ആദ്മി പാര്‍ട്ടി സംഭാവനയായി ലഭിച്ച മുഴുവന്‍ തുക വെളിപ്പെടുത്തിയിട്ടില്ല എന്നു വിശദീകരിച്ച മിശ്ര. കേജ്രിവാള്‍ കണക്കില്‍ പെടാത്ത പണത്തെ ചില കമ്പനികളെ മറയാക്കിയും പല ശൃംഖലകളുപയോഗിച്ചുകൊണ്ടും പാര്‍ട്ടിക്കുള്ളിലേക്ക് നിക്ഷേപിക്കുകയാണ് എന്നും ആരോപിക്കുന്നു. “ഇതൊക്കെ അരവിന്ദ് കേജ്രിവാളിന്‍റെ അറിവോടെയാണ് നടക്കുന്നത്. ഈ കമ്പനികള്‍ എഎപിയുടെ ബാങ്ക് അകൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നത് കേജ്രിവാളിന്‍റെ അറിവോടെയാണ്. ഈ തരത്തില്‍ ജനുവരി 2014ന് ഒരേ ദിവസം ഒരേ സമയത്ത് ഇങ്ങനെ പണം നിക്ഷേപിച്ചിരുന്നു. അതിന്‍റെ രേഖകള്‍ എന്‍റെ പക്കലുണ്ട്. അതുമായി ഇന്ന് ഉച്ച 12 മണിക്ക് സി ബി ഐയില്‍ ചെന്ന് ഞാന്‍ കേസ് ഫയല്‍ ചെയ്യുന്നതായിരിക്കും.” മിശ്ര പറഞ്ഞു.
ഞായറാഴ്ച്ചയാണ് ഡല്‍ഹി മന്ത്രിസഭയില്‍ ജലവിഭവ മന്ത്രിയായ കപില്‍ മിശ്രയെ പുറത്താക്കികൊണ്ട് എ എ പി നടപടി എടുക്കുന്നത്. താന്‍ മറ്റൊരു കുംഭകോണം ഉടന്‍ തന്നെ പുറത്തുവിടും എന്നും കപില്‍ മിശ്ര അവകാശപ്പെടുന്നു. ” മൂന്നു ദിവസം മുന്നേയാണ് നമുക്ക് ആം ആദ്മി പാര്‍ട്ടി ശുചീകരിക്കാം എന്ന പേരില്‍ ഞാന്‍ കാംബൈന്‍ ആരംഭിക്കുന്നത്. അതിനു ജനങ്ങളില്‍ നിന്നും എനിക്ക് നല്ല മറുപടിയാണ് ലഭിച്ചത്. ഓരോ തെരുവുകളിലും ഓരോ ക്ലിനിക് എന്ന ‘മോഹല്ല ക്ലിനിക്’ പദ്ധതിയെ ചുറ്റിപറ്റിയും മറ്റൊരു വലിയ കുംഭകോണം നടന്നിട്ടുണ്ട്. അതിന്‍റെ തെളിവുകള്‍ ശേഖരിച്ചുവരികയാണ് ഞാന്‍. ഉടന്‍ തന്നെ അതും പുറത്തുവിടുന്നതായിരിക്കും. കപില്‍ മിശ്ര പറഞ്ഞു.
ബുധനാഴ്ച്ച മുതല്‍ അനിശ്ചിതകാല നിരാഹാരത്തില്‍ ഇരിക്കുകയായിരുന്ന കപില്‍ മിശ്ര പത്ര സമ്മേളനത്തിനിടയില്‍ കുഴഞ്ഞു വീഴുകയുണ്ടായി. ഉടന്‍ തന്നെ അദ്ദേഹത്തെ ആര്‍എംഎല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.
ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കേജ്രിവാളിനെതിരായ അഴിമതിയാരോപണത്തിന്‍റെ പേരില്‍ ആണ് കപില്‍ മിശ്രയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നത്. എ എ പി നേതാക്കളുടെ വിദേശ സഞ്ചാരങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കപില്‍ മിശ്രയുടെ നിരാഹാരം.
പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് മിശ്ര പ്രവര്‍ത്തിക്കുന്നത് എന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. കപില്‍ മിശ്രയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്നായിരുന്നു ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് ശിഷോഡിയയുടെ പ്രതികരണം.