ഒലാതെ: അമേരിക്കയിലെ ഒലാത്തെ നഗരത്തിലെ ബാറിൽ ഇന്ത്യക്കാരനായ എഞ്ചിനീയറെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ വംശീയ വിദ്വേഷത്തിന് കേസ് രജിസ്റ്റർ ചെയ്തു. സംഭവം വംശീയ വിദ്വേഷ അക്രമമാണെന്ന് നേരത്തേ തന്നെ സാക്ഷികൾ മൊഴി നൽകിയിരുന്നു.

എന്നാൽ കേസിന്റെ ആദ്യഘട്ടത്തിൽ കൊലപാതകത്തിനും, രണ്ട് പേരെ കൊലപ്പെടുത്താൻ ശ്രമിച്ചതിനുമായിരുന്നു ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതാണ് ഇപ്പോൾ വംശീയ അതിക്രമം ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

കൻസാസ് നഗരത്തിലെ തിരക്കേറിയ ബാറിലായിരുന്നു വച്ചാണ് ആദം പുരിൻടൺ എന്ന അക്രമി ഇന്ത്യാക്കാരായ എഞ്ചിനീയർമാർക്കെതിരെ വെടിയുതിർത്തത്. സംഭവത്തിൽ ആന്ധ്ര സ്വദേശി ശ്രീനിവാസ് കുചിബോട്‌ല സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അലോക് മദസാനിയെയും ഇവർ ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ച ഇയാൻ ഗ്രില്ലറ്റിനെയും പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അമേരിക്കൻ വംശജനാണ് കേസിലെ പ്രതിയായ ആദം പുരിൻടൺ(51).

ഓസ്റ്റിൻസ് ബാർ ആൻഡ് ഗ്രില്ലിൽ ഫെബ്രുവരി 23 ന് രാത്രിയിലാണ് സംഭവം. ടെലിവിഷനിൽ ആളുകൾ ബാസ്കറ്റ് ബോൾ മത്സരം കാണുമ്പോഴായിരുന്നു അക്രമി വെടിയുതിർത്തത്. ഗാർമിൻ എന്ന സ്ഥാപനത്തിൽ എൻജിനീയറായിരുന്നു മരിച്ച ശ്രീനിവാസ് കുച്ബോട്‌ല.

ഇരുവർക്കും എതിരെ അമേരിക്കയിൽ നിന്നും പോകാൻ ആവശ്യപ്പെട്ടുള്ള വംശീയ വിദ്വേഷ മുദ്രാവാക്യങ്ങളാണ് ആദം ഉന്നയിച്ചത്. ഈ സമയത്ത് ഇയാൻ ഗ്രില്ലറ്റ് ആദത്തെ എതിർത്തു. ഇതേ തുടർന്ന് ആദം കൈയ്യിലുണ്ടായിരുന്ന തോക്കെടുത്ത് മൂന്ന് പേർക്കും നേരെ നിറയൊഴിക്കുകയായിരുന്നു.

മരിച്ച ശ്രീനിവാസും പരുക്കേറ്റ അകോലും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ ബാറിലെത്താറുള്ളതായി, പ്രാദേശിക മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ബാറിലെ തൊഴിലാളിയായ ഗാരറ്റ് ബോനെൻ പറഞ്ഞു.

സംഭവം വംശീയ വിദ്വേഷ ആക്രമണമായി തന്നെ കൈകാര്യം ചെയ്യണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായി ഹിന്ദു അമേരിക്കൻ ഫൗണ്ടേഷന്റെ സർക്കാർ കാര്യങ്ങളുടെ ചുമതലയുള്ള ഡയറക്ടർ ജയ് കൻസാര പറഞ്ഞിരുന്നു. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരത്തിലേറിയ ശേഷം അമേരിക്കയിൽ വംശീയ വിദ്വേഷ പ്രവർത്തനങ്ങൾ ക്രമാതീതമായി ഉയർന്നെന്ന് റിപ്പോർട്ടുകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook