ഒലാത്തെ: ജീവൻ പണയം വച്ചാണ് അക്രമിയുടെ നേരെ 24 കാരനായ ഇയാൻ ചാടിവീണത്. രണ്ട് ഇന്ത്യക്കാരോടായി, “എന്റെ രാജ്യത്ത് നിന്ന് പോകൂ”  എന്ന് അലറിയാണ്  51 കാരനായ ആദം വെടിയുതിർത്തത്. തന്റെ ജീവനെ കുറിച്ചോ രാജ്യത്തെ കുറിച്ചോ അല്ല, എല്ലാവരും മനുഷ്യരാണെന്ന വർഗ്ഗ ബോധമായിരുന്നു ഇയാൻ ഗ്രില്ലറ്റിന് അപ്പോൾ. അമേരിക്കയിലെ ഒലാത്തെയിലെ ആ ബാറിലപ്പോൾ നിരവധി പേരുണ്ടായിരുന്നു. ആദ്യത്തെ ഞെട്ടലിൽ നിന്ന് എല്ലാവരും മുക്തരാകും മുൻപ് തന്നെ ആദത്തിന്റെ കൈയ്യിലെ തോക്കിൽ ഇയാന്റെ കൈയ്യമർന്നു. പിടിവലിക്കിടെ തോക്കിൽ നിന്ന് വെടിയേറ്റ് വീണപ്പോഴും മറ്റ് രണ്ട് പേർക്കും ഒന്നും സംഭവിക്കല്ലേ എന്നായിരുന്നു ഇയാന്റെ പ്രാർത്ഥന.  വംശീയ വിദ്വേഷത്തിന്റെ ഭീതിയിൽ നിൽക്കുന്പോഴും, ഇയാൻ ഉൾപ്പെടുന്ന ജനവിഭാഗത്തിലാണ് ഇന്ത്യ അടക്കമുള്ള ഇതര രാജ്യങ്ങളിൽ നിന്ന് അമേരിക്കയിൽ താമസമാക്കിയവരുടെ പ്രതീക്ഷ.

“നമ്മളെല്ലാം മനുഷ്യരാണ്. സ്വാഭാവികമായും ശരിയെന്ന് തോന്നിയ കാര്യം മാത്രമാണ് ഞാൻ ചെയ്തത്” ആശുപത്രി കിടക്കയിൽ നിന്ന് ഇയാൻ പ്രതികരിച്ചതിങ്ങനെ. അടുത്ത കാലത്തായി അമേരിക്കയിൽ ഉയർന്നു വന്ന വംശീയ വിദ്വേഷത്തിന്റെ ഏറ്റവും ഭയപ്പെടുത്തുന്ന അവസാനത്തെ അടയാളമാണ് കൻസാസിലെ ബാറിൽ ഇന്ത്യക്കാർക്കെതിരായ ആക്രമണം. വംശീയ വിദ്വേഷം ഒരു ഭാഗത്ത് ഭയപ്പെടുത്തുന്പോൾ തന്നെ ഇയാൻ ഗ്രില്ലറ്റിന്റെ ഇടപെടൽ ഇന്ത്യൻ വംശജർക്കുൾപ്പടെ നൽകുന്ന ആശ്വാസം ചെറുതല്ല.

ഭാഗ്യവാനെന്ന് സ്വയം വിശേഷിപ്പിക്കുന്പോഴും ഇന്ത്യാക്കാർക്ക് നേരിട്ട ദുരനുഭവത്തിലുള്ള നടുക്കത്തിൽ നിന്ന് ഇയാൻ ഇനിയും വിമുക്തനായിട്ടില്ല. “കഴിഞ്ഞ രാത്രി മുഴുവനും ഞാൻ അവർ രണ്ടുപേർക്കുമായി പ്രാർത്ഥിക്കുകയായിരുന്നു. എന്നാൽ ദൈവം എന്റെ പ്രാർത്ഥനയുടെ പാതി മാത്രമേ കേട്ടുള്ളൂ.” ഒരാൾ രക്ഷപ്പെട്ടതു കൊണ്ട് തന്റെ പരിശ്രമത്തിൽ വളരെയധികം സന്തുഷ്ടനാണെന്ന് ഇയാൻ പറഞ്ഞു.

 

 

“വെടിവയ്‌പ്പിൽ രക്ഷപ്പെട്ടയാൾ അദ്ദേഹത്തിന്റെ ഭാര്യയുമൊത്ത് ഇന്ന് രാവിലെ ഇവിടെ വന്നിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ അഞ്ച് മാസം ഗർഭിണിയാണെന്ന് അപ്പോഴാണ് ഞാൻ അറിഞ്ഞത്. എനിക്കും അയാൾക്കുമിടയിൽ എന്തോ ഒരു ശക്തി ഇടപെട്ടുവെന്ന് എനിക്ക് തോന്നുന്നു. അക്രമിയെ തടയാൻ തോന്നിയതിൽ ഞാൻ വളരെയധികം സന്തുഷ്ടനാണ്” ഇയാൻ പറഞ്ഞു.

അക്രമിയിൽ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട അലോക് മദസാനിയെ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയാൽ ഉടൻ കാണുമെന്ന് ഇയാൻ വ്യക്തമാക്കി. “അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തിപ്പോൾ ഞാനാണെന്ന് എനിക്ക് തോന്നുന്നു. തീർച്ചയായും ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയാൽ അദ്ദേഹത്തിനൊപ്പം കുറച്ച് സമയം തീർച്ചയായും ചിലവഴിക്കും.”

ഇന്നലെ രാത്രി കൻസാസിലെ ഒരു ബാറിൽ നടന്ന വെടിവെപ്പിനെ തുടർന്ന് ശ്രീനിവാസ് കുചിബോത്‍‌ലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആദം പുരിൻടൺ എന്ന അമേരിക്കൻ വിമുക്ത ഭടനാണ് ശ്രീനിവാസിനെ ആക്രമിച്ചത്. മദ്ധ്യ പൂർവ്വേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന തെറ്റിദ്ധാരണയിലായിരുന്നു ആക്രമണം. സംഭവത്തിന് സാക്ഷിയായ ഒരാൾ പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ നിന്ന് ആദം “എന്റെ രാജ്യത്ത് നിന്നും പോകൂ” എന്ന് അലറിയതായാണ് വിവരം. എഫ്.ബി.ഐ, വംശീയ വിദ്വേഷം മൂലമുള്ള കൊലപാതകമായി പരിഗണിച്ചാണ് ആദമിനെ അറസ്റ്റ് ചെയ്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ