ഒലാതെ: യുഎസിലെ ഒലാത്തെയിൽ വംശീയ വിദ്വേഷത്തെ തുടർന്ന് ഇന്ത്യക്കാരനായ എൻജിനീയറെ വെടിവച്ചു കൊന്നു. കൻസാസ് നഗരത്തിലെ തിരക്കേറിയ ബാറിലായിരുന്നു സംഭവം. വെടിവയ്പിൽ രണ്ടുപേർക്ക് പരുക്കേറ്റു. യുഎസ് വംശജനായ ആദം പുരിൻടൺ എന്ന 51 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഓസ്റ്റിൻസ് ബാർ ആൻഡ് ഗ്രില്ലിൽ ബുധനാഴ്ച രാത്രിയിലാണ് സംഭവം. ടെലിവിഷനിൽ ആളുകൾ ബാസ്കറ്റ് ബോൾ മത്സരം കാണുകയായിരുന്നുവെന്ന് ബാറിലെ ജീവനക്കാരിലൊരാൾ പറഞ്ഞു. വെടിവയ്പ്പിന് ശേഷം പ്രതിയെ ആളുകൾ കീഴടക്കുകയും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആശുപത്രിയിൽ വച്ചാണ് ശ്രീനിവാസ് കുച്ബോട്ല (32) മരിച്ചത്. പരുക്കേറ്റ അലോക് മദസാനി (32), ഇയാൻ ഗ്രില്ലറ്റ് (24) എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. ഗാർമിൻ എന്ന സ്ഥാപനത്തിൽ എൻജിനീയർമാരാണ് അലോക് മദസാനിയും മരിച്ച ശ്രീനിവാസ് കുച്ബോട്ലയുമെന്ന് എഫ്ബിഐ പത്രക്കുറിപ്പിൽ പറഞ്ഞു.
മരിച്ച ശ്രീനിവാസും പരുക്കേറ്റ അകോലും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ ബാറിലെത്താറുള്ളതായി, പ്രാദേശിക മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ബാറിലെ തൊഴിലാളിയായ ഗാരറ്റ് ബോനെൻ പറഞ്ഞു. ഇരുവർക്കും എതിരെ അമേരിക്കയിൽ നിന്നും പോകാൻ ആവശ്യപ്പെട്ടുള്ള വംശീയ വിദ്വേഷ മുദ്രാവാക്യങ്ങളാണ് ആദം ഉന്നയിച്ചത്. ഈ സമയത്ത് ഇയാൻ ഗ്രില്ലറ്റ് ആദത്തെ എതിർത്തു. ഇതേ തുടർന്ന് ആദം കൈയ്യിലുണ്ടായിരുന്ന തോക്കെടുത്ത് മൂന്ന് പേർക്കും നേരെ നിറയൊഴിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തെ തുടർന്ന് അനിശ്ചിത കാലത്തേക്ക് ബാർ പൊലീസുദ്യോഗസ്ഥർ അടച്ചിട്ടു. എന്നാൽ കൊലപാതക വാർത്ത അമേരിക്കയിൽ കഴിയുന്ന ഇന്ത്യക്കാരുടെ സമാധാന ജീവിതത്തിന് ആഘാതമേൽപ്പിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകളും ഈ സംഭവത്തെ ഭീതിയോടെയാണ് കാണുന്നത്. വിദ്വേഷ ആക്രമണമായി തന്നെ കേസ് കൈകാര്യം ചെയ്യണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായി ഹിന്ദു അമേരിക്കൻ ഫൗണ്ടേഷന്റെ സർക്കാർ കാര്യങ്ങളുടെ ചുമതലയുള്ള ഡയറക്ടർ ജയ് കൻസാര പറഞ്ഞു.
കൊല്ലപ്പെട്ട ശ്രീനിവാസിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഗോ ഫൗണ്ട് മി വെബ്സൈറ്റ് തുടങ്ങി സഹായധനം സ്വീകരിക്കുന്നതായി ഇവർ അറിയിച്ചു. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരത്തിലേറിയ ശേഷം അമേരിക്കയിൽ വംശീയ വിദ്വേഷ പ്രവർത്തനങ്ങൾ ക്രമാതീതമായി ഉയർന്നെന്ന് റിപ്പോർട്ടുകളുണ്ട്.