കണ്ണൂര്‍: വ്യാഴാഴ്ച വൈകുന്നേരം കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂർ – യശ്വന്ത്പുർ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. തമിഴ്‌നാട് ധർമപുരിക്ക് സമീപം പുലര്‍ച്ചെ 3.45 ഓടെയായിരുന്നു സംഭവം. ട്രെയിനിന്റെ മുകളിലേക്ക് പാറക്കല്ലുകള്‍ വീണതാണ് അപകട കാരണം.
ബെംഗളൂരു ഡിവിഷനിലെ തോപ്പൂരിനും ശിവാഡിക്കുമിടയിൽ വച്ചാണ് പാളം തെറ്റിയത്. അഞ്ച് ബോഗികള്‍ പാളം തെറ്റിയതായാണ് ലഭിക്കുന്ന വിവരം. ട്രെയിൻ ഓടിക്കൊണ്ടിരിക്കെ എൻജിന് സമീപത്തെ എസി ബോഗിയിലേക്കാണ് പാറക്കല്ലുകള്‍ വീണത്.
ബോഗിയുടെ ഗ്ലാസുകളും ചവിട്ടു പടികളും തകര്‍ന്നു. അപകടത്തിൽ ആളപായമില്ല. ആര്‍ക്കും പരുക്കുകള്‍ പറ്റിയിട്ടില്ല. ട്രെയിനില്‍ ഉണ്ടായിരുന്ന 2,348 യാത്രക്കാരും സുരക്ഷിതരാണെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
“യാത്രക്കാര്‍ക്കായി തോപ്പോരുവില്‍ 15 ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. അപകടം സംഭവിച്ച സ്ഥലത്ത് അഞ്ച് ബസുകളും എത്തി. വെള്ളവും ലഘു ഭക്ഷണവും നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്,” ദക്ഷിണ റെയില്‍വേ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ അനീഷ് ഹെഗ്ഡെ പറഞ്ഞു.