കണ്ണൂർ: അണ്ടല്ലൂരിൽ ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് ആറു സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തു. എൻ.പി.ഹൗസിൽ രോഹിത്ത് (28), മണപ്പുറം വീട്ടിൽ മിഥുൻ (26), ലീലാറാം വീട്ടിൽ പ്രജുൽ (25) താഹിറ മൻസിലിൽ ഷമിൽ (25), തോട്ടുമ്മൽ വീട്ടിൽ റിജേഷ് (27), കേളോത്തു വീട്ടിൽ അതുൽ (26) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധൻ രാത്രി പതിനൊന്നരയോടെയാണ് വീടിന്റെ വാതിൽ തകർത്ത് അകത്തുകയറിയ അക്രമിസംഘം മുല്ലപ്രം ചോമന്റവിട എഴുത്താൻ സന്തോഷ് കുമാറിനെ (52) വെട്ടിക്കൊലപ്പെടുത്തിയത്.

പാനൂർ സിഐ കെ.എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾ നേരിട്ടാണു കൊലപാതകം നടത്തിയതെന്നു പൊലീസ് അറിയിച്ചു. തലശ്ശേരി ബ്രണ്ണൻ കോളജ് ക്യാംപസിൽ വിവേകാനന്ദ ജയന്തി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ– എബിവിപി സംഘർഷമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കുറച്ചു ദിവസങ്ങളായി അക്രമങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് സന്തോഷിന്റെ കൊലപാതകമെന്നാണു പൊലീസ് കരുതുന്നത്.

അതേസമയം, സന്തോഷിന്റെ കൊലയ്ക്കു കാരണം രാഷ്ട്രീയമല്ലെന്ന നിലപാടിൽതന്നെയാണ് സിപിഎം. പാർട്ടി പ്രവർത്തകർ അറസ്റ്റിലായിട്ടും കുടുംബവഴക്കിനെ തുടർന്നാണു സന്തോഷ് കുമാർ കൊല്ലപ്പെട്ടതെന്ന നിലപാട് മാറ്റാൻ സിപിഎം തയാറായിട്ടില്ല. സംഭവത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം നേതാവ് എം.വി.ജയരാജൻ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ