കേന്ദ്ര മന്ത്രിസഭയിലെ അറിയപ്പെടുന്ന ക്രിസ്തീയ മുഖമാണ് ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ അത് നല്ല രീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഒടുവിൽ രാജ്യത്തെ 300 ബിഷപ്പുമാർക്ക് ക്രിസ്മസ് സന്ദേശം അയച്ചിരിക്കുകയാണ് അദ്ദേഹം. മോദി ഭരണത്തെ പ്രകീർത്തിക്കുന്നതാണ് കത്തിന്റെ ഉള്ളടക്കം എന്ന് മാത്രം.

അടിസ്ഥാന വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തുകയാണ് അൽഫോൻസ് കണ്ണന്താനം. ഒപ്പം സഭയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും അത് ബന്ധപ്പെട്ടവരെ അറിയാക്കാനും താൻ ശ്രാമിക്കാറുണ്ടെന്നും കണ്ണന്താനം കത്തിൽ പറയുന്നു .

” സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു, ക്രിസ്തുവിൻറെ സമാധാനവും സന്തോഷവും അങ്ങയോടും രൂപതയോടുമൊപ്പം ഉണ്ടായിരിക്കട്ടെ. ഏതൊരു കാലഘട്ടത്തേക്കാളും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്, മതിലുകള്‍ പണിയേണ്ടതല്ല. വിദ്യാഭ്യാസത്തിലും ആരോഗ്യ പരിചരണത്തിലും അടിച്ചമർത്തപ്പെട്ടവരുടെ ക്ഷേമത്തിനായും എന്നിവയില്‍ സഭ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഈ അവസരത്തില്‍ ഞാൻ പ്രത്യേകം ഓർക്കുന്നു.

ആദരണീയനായ പ്രധാനമന്ത്രിക്ക് കീഴില്‍ ടൂറിസം മന്ത്രിയായി ജനങ്ങളെ സേവിക്കാന്‍ കഴിയുന്നത് അനുഗ്രഹമായി ഞാൻ കാണുന്നു. താഴെക്കിടയിലുള്ളവർക്ക് വേണ്ടി മോദി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ഈ അവസരത്തില്‍ പറയാന്‍ എന്നെ അനുവദിച്ചാലും.” എന്ന് തുടങ്ങുന്ന കത്തിൽ പിന്നീട് പത്തോളം വികസന നേട്ടങ്ങൾ വിവരിക്കുന്നു.

രാജ്യത്താകമാനം നിർമ്മിച്ച 95 ദശലക്ഷം ശൗചാലയങ്ങൾ, 58 ദശലക്ഷം എൽപിജി സിലിണ്ടറുകളുടെ വിതരണം, 300 ദശലക്ഷം ബാങ്ക് അക്കൗണ്ടുകൾ, 26.3 ദശലക്ഷം ഭവനങ്ങളുടെ നിർമ്മാണം അങ്ങനെ നീളുന്നു കണ്ണന്താനത്തിന്റെ വികസന നേട്ടങ്ങൾ വിവരിക്കുന്ന ക്രിസ്മസ് സന്ദേശം.

സഭയ്‍ക്കെന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുകയാണെങ്കില്‍ ഞാനത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കാറുണ്ടെന്നും, ആവശ്യമായ പരിഹാരം കണ്ടെത്താറുണ്ടെന്നും ക്രസ്മസ് സന്ദേശത്തിൽ കണ്ണന്താനം കത്തിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook