പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം പോലും രാജ്യത്തില്ലെന്ന് ആവർത്തിച്ച് കണ്ണൻ ഗോപിനാഥൻ ഐഎഎസ്. വടക്കു കിഴക്കൻ ഡൽഹിയിലെ കലാപത്തെ പരോക്ഷമായി സൂചിപ്പിച്ചാണ് കണ്ണൻ ഗോപിനാഥന്റെ ട്വീറ്റ്. ഭയം തോന്നാതെ പ്രതിഷേധിക്കാൻ സാധിച്ചിരുന്ന സമയമുണ്ടായിരുന്നു എന്നും അതിനു കോൺഗ്രസിനു നന്ദി പറയുകയാണെന്നും കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്‌തു.

സിവിൽ സർവീസിനു തയ്യാറെടുക്കുന്ന സമയത്ത് ഡൽഹിയിൽ താൻ പങ്കെടുത്ത പ്രതിഷേധത്തിന്റെ ചിത്രം കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ജന്‍ ലോക്‌പാൽ പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്തിരുന്ന സമയത്ത് ഒരിക്കല്‍ പോലും അത് തന്റെ ഭാവിയെ ബാധിക്കുമെന്ന് തോന്നിയിട്ടില്ലെന്ന് കണ്ണൻ ഗോപിനാഥൻ കുറിച്ചു. പ്രതിഷേധിക്കാന്‍ ഭയം തോന്നാതിരുന്ന ആ കാലത്തിന് നന്ദി പറയേണ്ടത് കോണ്‍ഗ്രസിനാണെന്നും കണ്ണൻ പറഞ്ഞു.

Read Also: സർവം നജീബിനായി; രാജ്യം വിടുകയാണെന്ന് പൃഥ്വിരാജ്

ഈ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നതിനേക്കാള്‍ വലിയ രാജ്യ സ്നേഹമില്ലെന്ന് ട്വീറ്റിനൊപ്പമുള്ള ചിത്രത്തില്‍ കണ്ണന്‍ ഗോപിനാഥന്‍ പറയുന്നു. പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന സാഹചര്യമാണുള്ളതെന്നും കണ്ണൻ ഗോപിനാഥൻ ട്വീറ്റിൽ പറഞ്ഞിട്ടുണ്ട്.

കേന്ദ്രസർക്കാർ നയങ്ങളോട് അതിശക്തമായ വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്ന കണ്ണൻ ഗോപിനാഥൻ, ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് സിവിൽ സർവീസിൽ നിന്നും രാജിവച്ചത്. പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് മുംബൈയിൽ വച്ചും ഉത്തർപ്രദേശിൽ വച്ചും അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അറസ്റ്റ് ചെയ്‌ത ശേഷം കണ്ണൻ ഗോപിനാഥനെ വിട്ടയക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook