scorecardresearch

ജോലിയല്ല, അഭിപ്രായ സ്വാതന്ത്ര്യമാണ് മുഖ്യം; രാജി വച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ

'ഒരു ജനതയുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടപ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു എന്ന് നാളെ എന്നോട് ചോദിച്ചാൽ, ഞാനെന്റെ ജോലി രാജിവച്ചു എന്നെങ്കിലും മറുപടി നൽകാൻ എനിക്ക് സാധിക്കണം,' കണ്ണൻ ഗോപിനാഥന്‍ പറയുന്നു

'ഒരു ജനതയുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടപ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു എന്ന് നാളെ എന്നോട് ചോദിച്ചാൽ, ഞാനെന്റെ ജോലി രാജിവച്ചു എന്നെങ്കിലും മറുപടി നൽകാൻ എനിക്ക് സാധിക്കണം,' കണ്ണൻ ഗോപിനാഥന്‍ പറയുന്നു

author-image
Sandhya KP
New Update
Kannan IAS, Kannan Gopinathan, IAS, iemalayalam

IAS Officer Kannan Gopinathan Quits Service: സിൽവാസ: 'എനിക്കെന്റെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണം. അര ദിവസമെങ്കിൽ അത്രയെങ്കിലും ഞാനായി ജീവിക്കണം. 2019ൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഒരു സംസ്ഥാനത്ത് മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോൾ, ഒരു ജനതയുടെ മുഴുവൻ മൗലികാവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ടപ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു എന്ന് നാളെ എന്നോട് ചോദിച്ചാൽ, ഞാനെന്റെ ജോലി രാജിവച്ചു എന്നെങ്കിലും മറുപടി നൽകാൻ എനിക്ക് സാധിക്കണം,' അടക്കാനാകാത്ത പ്രതിഷേധത്തോടെയും, ഐ.എ.എസ് എന്ന മൂന്നക്ഷരത്തിന്റെ ഭാരമില്ലാതെയും ഫോണിന്റെ മറുവശത്ത് കണ്ണൻ ഗോപിനാഥൻ സംസാരിച്ചുകൊണ്ടിരുന്നു.

Advertisment

Read in English: ‘Want my freedom of expression back,’ says 2012-batch IAS officer who quit service

കേരളം 2018ൽ മഹാപ്രളയത്തെ നേരിട്ട സമയത്തായിരുന്നു, കണ്ണൻ ഗോപിനാഥൻ ഐഎഎസ് എന്ന പേര് മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ് താൻ എന്ന് വെളിപ്പെടുത്താതെ കൊച്ചിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകി, മറ്റുള്ളവർക്കൊപ്പം ചാക്ക് ചുമന്ന് നടന്നിരുന്ന ആ ഐഎഎസ് ഉദ്യോഗസ്ഥനെ മലയാളി അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല. മഹാപ്രളയത്തിന്റെ ഒന്നാമാണ്ട് തികയുന്ന വേളയിൽ, മറ്റൊരു പ്രളയത്തെ കൂടെ കേരളം അതിജീവിക്കുമ്പോഴാണ്, ദാദ്ര നഗര്‍ ഹവേലിയിൽ നിന്നും അദ്ദേഹത്തിന്റെ രാജി വാർത്ത എത്തുന്നത്. രാജിക്കത്ത് നൽകിയെന്നുള്ളത് കണ്ണൻ ഗോപിനാഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ രാജി അപേക്ഷ ഇതുവരെ സ്വീകരിച്ചിട്ടില്ല.

'നിശബ്ദരായിപ്പോയവർക്ക് ശബ്ദം നൽകാനാകും എന്ന പ്രതീക്ഷയോടെയാണ് ഞാൻ സിവിൽ സർവീസിൽ ചേരുന്നത്. എന്നാൽ ഇവിടെ എനിക്ക് എന്റെ സ്വന്തം ശബ്ദം നഷ്ടമായിരിക്കുകയാണ്. ഇവിടെ എന്തു കൊണ്ട് രാജി വച്ചു എന്ന ചോദ്യത്തേക്കാൾ, എങ്ങനെ രാജിവയ്ക്കാതിരിക്കാനാകും എന്ന ചോദ്യത്തിനാണ് പ്രസക്തി. ഇതു കൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും മാറ്റം ഉണ്ടാകും എന്ന് ഞാൻ കരുതുന്നില്ല. പക്ഷെ രാജ്യം കലുഷിതമായൊരു കാലത്തിലൂടെ കടന്നു പോകുമ്പോൾ ഞാൻ എന്തു ചെയ്തു എന്ന് ആരെങ്കിലും ചോദിച്ചാൽ 'ഞാൻ ലീവെടുത്ത് അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസത്തിന് പോയി,' എന്ന് പറയുന്നതിലും ഭേദം ഞാനെന്റെ ജോലി രാജിവച്ചു എന്ന് പറയുന്നത് തന്നെയാണ്.'

Advertisment

Read More on Kannan Gopinathan: ചാക്ക് ചുമന്നത് മലയാളിയായ മറുനാടൻ കലക്‌‌ടർ; ആളെ തിരിച്ചറിഞ്ഞപ്പോൾ അന്തം വിട്ട് കൊച്ചിക്കാർ

'ഒരു സിസ്റ്റത്തെ തിരുത്തേണ്ടത് സിസ്റ്റത്തിനകത്തു നിന്നുകൊണ്ടാണെന്ന് പറയാറുണ്ട്. കുറേ ശ്രമിച്ചു. ഞാന്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി എന്തെല്ലാം ചെയ്തിട്ടുണ്ടെന്ന് അവര്‍ക്കറിയാം. പക്ഷെ എന്റെ ജോലി മാത്രം ചെയ്ത് ജീവിച്ചാല്‍ മതി എന്ന് കരുതാനാകില്ല. ഈ സിസ്റ്റത്തില്‍ നിന്ന് ഇതിനെ തിരുത്താനാകും എന്നും പ്രതീക്ഷയില്ല. എനിക്ക് യാതൊരു സമ്പാദ്യവുമില്ല. ഇപ്പോള്‍ താമസിക്കുന്നത് സര്‍ക്കാര്‍ റെസ്റ്റ് ഹൗസിലാണ്. ഇവിടെ നിന്ന് ഇറക്കി വിട്ടാല്‍ എങ്ങോട്ട് പോകണം എന്നു പോലും അറിയില്ല. ഭാര്യയ്ക്ക് ജോലിയുണ്ട്. ഭാര്യയുടെ കൂടി പിന്തുണ കൊണ്ടാണ് എനിക്ക് സര്‍വ്വീസില്‍ നിന്നും രാജിവയ്ക്കാന്‍ സാധിച്ചത്,' കണ്ണൻ ഗോപിനാഥൻ തന്റെ ആശങ്ക പങ്കുവച്ചു. ആമസോൺ കാടുകളിലെ തീപിടിത്തത്തെ കുറിച്ച് ആശങ്കപ്പെടുന്ന നമ്മൾ എന്തുകൊണ്ടാണ് സ്വന്തം രാജ്യത്തെ ജനത അനുഭവിക്കുന്ന ആകുലതകളിൽ പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

kannan gopinathan, കണ്ണൻ ഗോപിനാഥൻ, iemalayalam, ഐഇ മലയാളം കണ്ണൻ ഗോപിനാഥന്റെ രാജിക്കത്ത്

കണ്ണൻ ഗോപിനാഥനെ രാജി വാർത്ത സമൂഹമാധ്യമങ്ങളിലും ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജോലിയില്‍നിന്നു ലീവെടുത്താണ് അദ്ദേഹം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. എറണാകുളം ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കലക്ടര്‍ മുഹമ്മദ് സഫീറുള്ളയും സബ് കലക്ടര്‍ പ്രജ്ഞാല്‍ പട്ടീലും കെബിപിഎസ് സന്ദര്‍ശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദ്ര നഗര്‍ ഹവേലി കലക്ടര്‍ കണ്ണന്‍ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്.

കോട്ടയം ജില്ലയിലെ പുതുപ്പള്ളി സ്വദശിയും 2012 ബാച്ചിലെ ഉദ്യോഗസ്ഥനുമായ കണ്ണൻ ദാദ്ര നഗര്‍ ഹവേലിയിലെ കലക്ടറാണ്. നഗരവികസനം, വൈദ്യുതി, കൃഷി തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതലയും കണ്ണനുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹം കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് രാജിക്കത്ത് നല്‍കിയത്.

Civil Service Exam Ias

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: