ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു. കസ്റ്റഡിയിലെടുത്ത് 10 മണിക്കൂറുകള്‍ക്ക് ശേഷമാണ് കണ്ണന് ഗോപിനാഥനെ പൊലീസ് വിട്ടയച്ചത്. കസ്റ്റഡിയിൽ നിന്ന് പുറത്തുവന്നതിനു പിന്നാലെ കണ്ണൻ ഗോപിനാഥൻ ട്വിറ്ററിലിട്ട കുറിപ്പ് ഏറെ ശ്രദ്ധ നേടുകയായിരുന്നു.
തന്നെ കസ്റ്റഡിയിലെടുത്തതുകൊണ്ട് ഗുണമുണ്ടായി എന്നാണ് കണ്ണൻ ഗോപിനാഥ് പറയുന്നത്. തന്നെ പിടികൂടാനെത്തിയ ഉത്തര്‍പ്രദേശ് പൊലീസിലെ ചിലര്‍ക്കെങ്കിലും പൗരത്വ ഭേദഗതി നിയമം എന്താണ് എന്ന് മനസിലായിട്ടുണ്ടെന്ന് കണ്ണന് ഗോപിനാഥ് ട്വിറ്ററില്‍ കുറിച്ചു.
Btw, now at least 10-20 UP police personnel are aware as to why they also should protest against CAA-NRC-NPR. Next time hoping to get a larger police gathering @uppolice. Thank you. #Resistance#NoToCAA_NRC_NPR
— Kannan Gopinathan (@naukarshah) January 5, 2020
“എന്തൊക്ക ആയാലും ഉത്തർപ്രദേശ് പൊലീസിലെ 10-20 പേർക്ക് എന്താണ് പൗരത്വ ഭേദഗതി നിയമമെന്നും പൗരത്വ രജിസ്റ്റർ എന്നും ഏറെകുറെ മനസ്സിലായിട്ടുണ്ട്. എന്തുകൊണ്ട് ഇതിനെതിരെ പ്രതിഷേധിക്കണമെന്നും ഇവർക്ക് വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് ഇനി കസ്റ്റഡിയിലെടുക്കാൻ വരുമ്പോൾ കുറച്ചുകൂടെ അധികം പൊലീസ് ഉദ്യോഗസ്ഥരെ അയക്കുമെന്ന് പ്രതീക്ഷിക്കുന്നു, നന്ദി” കണ്ണൻ ഗോപിനാഥൻ ട്വിറ്ററിൽ കുറിച്ചു.
ഉത്തർപ്രദേശ് പൊലീസാണ് കണ്ണൻ ഗോപിനാഥനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ പാനൽ ചർച്ചയിൽ പങ്കെടുക്കാൻ പോകവെയാണ് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹം ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞിരുന്നു.
Read Also: അമിത് ഷായ്ക്കു നേരെ ‘ഗോ ബാക്ക്’ വിളിച്ച് പെണ്‍കുട്ടികള്‍; ഗൃഹസന്ദർശനത്തിനിടെ നാടകീയ രംഗങ്ങള്‍
കേന്ദ്രസർക്കാർ നയങ്ങളോട് അതിശക്തമായ വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്ന കണ്ണൻ ഗോപിനാഥൻ, ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് സിവിൽ സർവീസിൽ നിന്നും രാജിവച്ചത്. പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരത്തേ മുംബൈയിൽ വച്ചും അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മുംബൈയില്‍ ലോങ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കണ്ണന് ഗോപിനാഥന്. അതിനിടെയാണ് അദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്നവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് ഇവരെ വിട്ടയയ്ക്കുകയായിരുന്നു.