ബെംഗളൂരു: സ്ത്രീധന പീഡനത്തെത്തുടർന്ന് യുവ കന്നഡ ഗായിക സുഷ്മിത ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച നടന്ന സംഭവത്തിൽ, ഭർത്താവ് ശരത് കുമാറിനും  ഭർതൃ സഹോദരിക്കും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു.

ഒന്നര വർഷം മുൻപാണ് സുഷ്മിത എന്ന ഗംഗയും ശരത് കുമാറും തമ്മിൽ വിവാഹിതരായത്. അന്നു മുതൽ താൻ ഗാർഹിക പീഡനം അനുഭവിക്കുകയാണെന്ന് അമ്മയ്ക്കും സഹോദരനും മെസേജ് അയച്ചശേഷമാണ് സുഷ്മിത ബെംഗളൂരു നാഗരാഭവിയിലുള്ള മാതാപിതാക്കളുടെ വീട്ടിലെ സീലിങ്ങിൽ തൂങ്ങിമരിച്ചത്.

ഭർത്താവും ബന്ധുക്കളും സ്ത്രീധനത്തിന്റെ പേരിൽ വിവാഹം കഴിഞ്ഞതു മുതൽ തന്നെ ഉപദ്രവിക്കുകയാണെന്ന് മെസേജിൽ പറയുന്നു. പുലർച്ചെ അഞ്ചരയോടെ മെസേജ് കണ്ട സഹോദരൻ സച്ചിൻ സുഷ്മിതയുടെ മുറിയിലേക്ക് ഓടിയെത്തിയെപ്പോഴേക്കും അവർ മരിച്ചിരുന്നു.

Read More: ട്രംപിന്റെ സന്ദർശനം: ചേരിയിലെ 45 കുടുംബങ്ങൾക്ക് ഒഴിഞ്ഞ് പോകാൻ നോട്ടീസ്

“ക്ഷമിക്കണം അമ്മേ, എന്റെ തെറ്റുകൾക്ക് ഞാൻ തന്നെ അനുഭവിച്ചു. ഞാൻ വളരെയധികം പീഡിപ്പിക്കപ്പെട്ടു. ദയവായി അവരെ വെറുതെ വിടരുത്. അവരുടെ വീട്ടിൽ മരിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. വിവാഹത്തിന്റെ ആദ്യ ദിവസം മുതൽ ഉപദ്രവം തുടങ്ങിയെങ്കിലും ഞാൻ ആരോടും പറഞ്ഞില്ല,” മെസേജിൽ പറയുന്നു.  ഗാർഹിക പീഡനം തന്നെയാണ് ആത്മഹത്യ്ക്ക് കാരണമെന്ന് ബെംഗളൂരു പൊലീസും പറയുന്നു.

സുഷ്മിതയുടെ അമ്മ മീനാക്ഷി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്നപൂർണേശ്വരി നഗർ പൊലീസ് സ്ത്രീധനപീഡന മരണത്തിനാണു കേസെടുത്തിരിക്കുന്നത്. ഭർത്താവിനെയും സഹോദരിയെയും ഭർത്താവിന്റെ അമ്മയെയും പ്രതികളാക്കിയാണ് കേസ് എടുത്തത്. മൂന്ന് പ്രതികളും ഒളിവിലാണെന്നും ഇവരെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ഇരുപത്തിയാറുകാരിയായ  സുഷ്മിത ഹാലു തുപ്പ, ശ്രീസാമന്യ തുടങ്ങിയ കന്നഡ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook