ബെംഗളൂരു: കർണാടക ലഹരിമരുന്ന് കേസിൽ ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചോദ്യം ചെയ്യലിന് പിറകേ കന്നഡ നടി രാഗിണി ദ്വിവേദി അറസ്റ്റിലായതായി റിപ്പോർട്ട്.  കന്നഡ ചലച്ചിത്രമേഖലയിലെ മയക്കുമരുന്ന് ബന്ധം അന്വേഷിക്കുന്ന ബെംഗളൂരുവിലെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) നടി രാഗിണി ദ്വിവേദിയുടെ വസതിയിൽ വെള്ളിയാഴ്ച രാവിലെ തിരച്ചിൽ നടത്തിയതായി പൊലീസ് പറഞ്ഞിരുന്നു. കോടതിയിൽ നിന്നു സെർച്ച് വാറണ്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്.

രാവിലെ ആറോടെ ക്രൈം ബ്രാഞ്ച് സംഘം രാഗിണിയുടെ വീട്ടിലെത്തിയെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ബുധനാഴ്ച രാഗിണിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ തിങ്കളാഴ്ച വരെ സമയം ആവശ്യപ്പെട്ട് താരം അഭിഭാഷകരെ അയയ്ക്കുകയായിരുന്നു.

വെള്ളിയാഴ്ച ഹാജരാകാൻ പൊലീസ് നിർദേശിച്ചു. രാവിലെ പത്തോടെ നടി ഹാജരാകുമെന്നായിരുന്നു ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചിരുന്നത്. ഇതിനിടെ, കന്നഡ ചലച്ചിത്രമേഖലയിൽ അടുത്ത പരിചയമുള്ള രവിയെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായും കോടതി അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ അയച്ചതായും പൊലീസ് പറഞ്ഞു.

Read Here: Who is Ragini Dwivedi?: മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായ രാഗിണി ദ്വിവേദി ആരാണ്?

കന്നഡ ചലച്ചിത്രമേഖലയിലെ ഗായകർക്കും അഭിനേതാക്കൾക്കും മയക്കുമരുന്ന് വിതരണം ചെയ്തുവെന്ന് ആരോപിച്ച് നഗരത്തിലെ മൂന്ന് പേരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ‌സി‌ബി) അറസ്റ്റുചെയ്തതിനെത്തുടർന്ന് ക്രൈം ബ്രാഞ്ച് ബെംഗളൂരുവിൽ മയക്കുമരുന്ന് വ്യാപാരം സംബന്ധിച്ച അന്വേഷണം ശക്തമാക്കി.

Read in English: Kannada film industry drug abuse: Raids at actor Ragini Dwivedi’s residence in Bengaluru

കന്നഡ സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ചലച്ചിത്ര നിർമാതാവും പത്രപ്രവർത്തകനുമായ ഇന്ദ്രജിത് ലങ്കേഷ് ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. വ്യവസായരംഗത്ത് കുറഞ്ഞത് 15 പേരെങ്കിലും മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

ഹരിയാനയിലെ റേവാഡി സ്വദേശിയായ രാഗിണി ദ്വിവേദി ബെംഗളൂരുവിലാണ് ജനിച്ചതും വളർന്നതും. 2009 ൽ “വീര മഡകാരി” എന്ന ചിത്രത്തിലൂടെ സിനിമയിൽ  അരങ്ങേറ്റം കുറിച്ചു രാഗിണി ദ്വിവേദി കെംപെ ഗൗഡ രാഗിണി ഐപിഎസ്, ബംഗാരി, ശിവ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ  പ്രശസ്തയായി.

ലഹരിമരുന്ന് കേസിൽ മലയാളികളായ അനൂപ്, അനിഖ എന്നിവർ കഴിഞ്ഞയാഴ്ച ബെംഗളൂരുവിൽ പിടിയിലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അന്വേഷണം കേരളത്തിലേയ്ക്കും വ്യാപിപ്പിക്കാൻ ഇടയുണ്ട്.

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്‌പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനിടെ, നടി റിയ ചക്രവർത്തിയുടെ മുംബൈയിലെ വസതിയിയിലും നാർകോട്ടിക്സ് കൺട്രോ‍ൾ ബ്യൂറോ (എൻസിബി) റെയ്ഡ് നടത്തിയിരുന്നു. റിയയ്ക്ക് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്നു സംശയം ഉയർന്നതിനെ തുടർന്നാണ് റെയ്ഡ്.

എൻസിബി മുംബൈയിൽ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരൻ സയിദ് വിലത്രയ്ക്ക്, റിയയുടെ സഹോദരൻ ഷോവിക്കുമായി ബന്ധമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു. മറ്റൊരു എൻസിബി സംഘം സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻ‌ഡയുടെ വസതിയിൽ പരിശോധന നടത്തി.

Read in English: Sushant Singh Rajput death: NCB raids Rhea Chakraborty, Samuel Miranda’s houses

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook