ബാംഗ്ലൂർ: അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ സംസ്കാര ചടങ്ങുകൾ നടത്തി. കൺഠീരവ സ്റ്റുഡിയോയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാര ചടങ്ങുകൾ.
രാവിലെ അഞ്ചു മണിയോടെ കൺഠീരവ സ്റ്റേഡിയത്തിലെ പൊതുദർശനം അവസാനിപ്പിച്ച് വിലാപയാത്രയായി 24 കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് മൃതദേഹം സ്റ്റുഡിയോയിൽ എത്തിച്ചത്. അവിടെ പുനീതിന്റെ മാതാപിതാക്കളായ ഡോ രാജ്കുമാറിന്റെയും പാർവതമ്മ രാജ്കുമാറിന്റെയും അരികിലാണ് മൃതദേഹം സംസ്കരിച്ചത്.
കുടുംബാംഗങ്ങളെയും സിനിമാരംഗത്തുള്ള പ്രമുഖരെയും മാത്രം ഉൾപ്പെടുത്തിയാണ് ചടങ്ങുകൾ നടത്തിയത്. സ്റ്റുഡിയോയിലെ സ്ഥലപരിമിതി കാരണം പങ്കെടുക്കുന്നവരുടെ പട്ടിക ചുരുക്കിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ആരാധകർ വൻതോതിൽ തടിച്ചു കൂടിയാൽ അത് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാകുമെന്നും മനസ്സിലാക്കി പുലർച്ചെ തന്നെ വിലാപയാത്ര നടത്താൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. എന്നിരുന്നാലും, നൂറുകണക്കിന് ആരാധകർ വിലാപയാത്രയിൽ അണിനിരന്നു.
അന്തിമ ചടങ്ങുകൾ കാണുന്നതിനായി കണ്ഠീരവ സ്റ്റുഡിയോയ്ക്ക് പുറത്തും മറ്റിടങ്ങളിലും വലിയ എൽഇഡി സ്ക്രീനുകൾ സ്ഥാപിച്ചിരുന്നു. രാവിലെ 6 മണിയോടെ തന്നെ കണ്ഠീരവ സ്റ്റുഡിയോയ്ക്ക് മുന്നിലും വിലാപയാത്ര വരുന്ന വഴിയിലും നിരവധി ആരാധകർ തടിച്ചുകൂടിയിരുന്നു.
Also Read: പുനീത് രാജ്കുമാറിന് വിട; സംസ്കാര ചടങ്ങുകൾ സംസ്ഥാന ബഹുമതികളോടെ നടത്തും