മംഗലാപുരം: കന്നഡ ചലച്ചിത്ര സംവിധായകന്‍ സന്തോഷ് ഷെട്ടി കടീല്‍ വെളളച്ചാട്ടത്തില്‍ നിന്നും കാല്‍വഴുതി വീണ് മരിച്ചു. 36 വയസായിരുന്നു. മംഗലാപുരത്തെ എര്‍മൈ വെളളച്ചാട്ടത്തിലാണ് അപകടം നടന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഫോട്ടോ എടുക്കാനായി വെളളച്ചാട്ടത്തിന് മുകളില്‍ പോയപ്പോഴാണ് അപകടം നടന്നത്.

സഹപ്രവര്‍ത്തകരായ 4 പേര്‍ക്കൊപ്പമാണ് അദ്ദേഹം വെളളച്ചാട്ടത്തിലെത്തിയത്. ഫോട്ടോ എടുക്കുന്നതിനിടെ കാല്‍വഴുതിയാണ് വീണതെന്ന് സഹപ്രവര്‍ത്തകര്‍ പൊലീസിന് മൊഴി നല്‍കി. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ദിവസങ്ങളായി മംഗലാപുരത്ത് ശക്തമായ മഴ തുടരുന്നുണ്ട്. എര്‍മൈ വെളളച്ചാട്ടം ഇതുകൊണ്ട് തന്നെ ശക്തിയായി ഒഴുകുന്നുണ്ടായിരുന്നു. പ്രദേശവാസികളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവര്‍ വെളളച്ചാട്ടത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഫോട്ടോ എടുക്കാനായി ഒരു റോബോട്ട് കോസ്റ്റ്യൂം സന്തോഷ് ഈ സമയം അണിഞ്ഞിരുന്നതായി പ്രചരണം ഉണ്ട്. ആദ്യ ചിത്രമായ കനസ് കണ്ണ് എന്ന ചിത്രത്തിലൂടെ തന്നെ പേരെടുത്ത സംവിധായകനാണ് സന്തോഷ് ഷെട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook