ബംഗളൂരു: 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2014ലെ പെതുതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വേണ്ടി പ്രചരണത്തിനിറങ്ങിയ കന്നഡ് നടി ബിജെപിയില്‍ ചേര്‍ന്നു. വോട്ടിംഗിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഭാവന രാമണ്ണ ബിജെപിയില്‍ ഔദ്യോഗിക അംഗത്വം എടുത്തത്. നടി പാര്‍ട്ടിയില്‍ ചേര്‍ന്നതായി അറിയിക്കാന്‍ സംസ്ഥാന നേതൃത്വം പത്രസമ്മേളനവും വിളിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കണ്ടിരുന്നയാളാണ് ഭാവന. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് നടിയുടെ മലക്കം മറിച്ചില്‍. തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം വ്യാഴാഴ്ച അവസാനിക്കും. ശനിയാഴ്ചയാണ് 223 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുക. ഒരു മാസത്തോളം നീണ്ടുനിന്ന പ്രചാരണത്തിനൊടുവില്‍ ഭരണത്തിലുള്ള കോണ്‍ഗ്രസും പ്രതിപക്ഷത്തുള്ള ബിജെപിയും ഒപ്പത്തിനൊപ്പം നില്‍ക്കുന്നുവെന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍. ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കര്‍ണാടക സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജനപ്രീതിയിലും ജനകീയ പദ്ധതികളിലും വിശ്വാസമര്‍പ്പിച്ച് രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് പ്രചാരണം നടത്തിയപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ മാത്രം ആശ്രയിച്ചായിരുന്നു ബിജെപിയുടെ മുന്നേറ്റം. പൊതുവേദികളിൽനിന്ന് വിട്ടുനിന്നിരുന്ന യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും കളത്തിലിറങ്ങി. കേന്ദ്രമന്ത്രിമാരുടെ ഘോഷയാത്ര തന്നെ അരങ്ങേറി.

ബെംഗളൂരു മഹാനഗരസഭയിലെ ജയനഗർ ഒഴിച്ചുള്ള 223 നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന ജനവിധിയെ ‘മിനി ലോക്സഭാ’ തിരഞ്ഞെടുപ്പ് എന്നാണ് വിശേഷിപ്പിക്കുന്നത്. 2654 സ്ഥാനാർഥികളാണ് മാറ്റുരയ്ക്കുന്നത്. ഭൂരിപക്ഷം മണ്ഡലങ്ങളിലും കോൺഗ്രസും ബിജെപിയും നേർക്കുനേർ നടത്തുന്ന പോരാട്ടം. നോട്ടുനിരോധനം, ഇന്ധനവിലവർധന, ദലിത് ആക്രമണങ്ങൾ, സ്ത്രീ സുരക്ഷ തുടങ്ങിയവ കോൺഗ്രസ് പ്രചാരണ വിഷയമാക്കിയപ്പോൾ സിദ്ധരാമയ്യ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയാണ് ബിജെപി പ്രചാരണം. ബെല്ലാരി ഖനി അഴിമതി കേസിൽ ആരോപിതനായ ജനാർദ്ദന റെഡ്ഡിയുടെ സഹോദരന്മാരും അനുചര വൃന്ദവും ഉൾപ്പെടെ എട്ടു പേർക്ക് സീറ്റ് നൽകിയ ബിജെപി നടപടിയെ ചോദ്യം ചെയ്ത് ബിജെപിയുടെ അഴിമതിമുഖം കോൺഗ്രസും ഉയർത്തിക്കാട്ടുന്നു. പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും അങ്ങേയറ്റം പ്രവചനാതീതമാണ് തെരഞ്ഞെടുപ്പ് ചിത്രം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook