ബെംഗളൂരു: കന്നഡ നടിയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ ജയശ്രീ രാമയ്യയെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് ജയശ്രീയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വർഷം മരണത്തെ കുറിച്ച് ജയശ്രീ ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് എറെ ചർച്ചകൾക്ക് വിധേയമാകുകയും തുടർന്ന് താരം തന്നെ അത് ഡിലീറ്റ് ചെയ്യുകയുമായിരുന്നു. “ഞാന്‍ മതിയാക്കുന്നു. ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കുമായി വിട…” എന്നായിരുന്നു 2020 ജൂണ്‍ 23ന് ജയശ്രീ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Read More: വസ്ത്രം മാറ്റാതെ ശരീരത്തിൽ തൊടുന്നത് പോക്സോ പ്രകാരം ലൈംഗികാതിക്രമമല്ല: ബോംബെ ഹൈക്കോടതി
പിന്നീട് 2020 ജൂലൈ 25ന് സോഷ്യൽ മീഡിയയിൽ ലൈവിൽ വന്ന ജയശ്രീ താൻ വിഷാദരോഗത്തിന് അടിമപ്പെട്ടിരിക്കുകയാണെന്നും പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഇത് തുറന്നു പറയുന്നതെന്നും വ്യക്തമാക്കിയിരുന്നു. ഡിപ്രഷനുമായി പൊരുതാൻ സാധിക്കുന്നില്ലെന്നും മരണം മാത്രമാണ് തന്റെ മുന്നിലുള്ള ഏക രക്ഷയെന്നും ജയശ്രീ പറഞ്ഞിരുന്നു. വ്യക്തിപരമായി നിരവധി പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ ഇല്ല. കുട്ടിക്കാലം മുതൽ താൻ വഞ്ചിക്കപ്പെട്ടിരുന്നുവെന്നും അതിൽ നിന്നും പുറത്തുകടക്കാൻ സാധിച്ചിട്ടില്ലെന്നും നടി ലൈവില്‍ പറഞ്ഞിരുന്നു.
ബിഗ് ബോസ് കന്നഡ സീസൺ 3 ന്റെ മത്സരാർത്ഥിയായിരുന്നു ജയശ്രീ രാമയ്യ. 2017 ൽ പുറത്തിറങ്ങിയ ഉപ്പു ഹുലി ഖര എന്ന ചിത്രത്തിലൂടെയാണ് അഭിനയ അരങ്ങേറ്റം കുറിച്ചത്. ഇമ്രാൻ സർദാരിയയാണ് ചിത്രം സംവിധാനം ചെയ്തത്. മഹേന്ദ്ര സംവിധാനം ചെയ്ത ബ്ലാക്ക് എന്ന സിനിമയിലും അവർ അഭിനയിച്ചു. മോഡലിങ് രംഗത്തു നിന്നാണ് ജയശ്രീ സിനിമയിൽ എത്തുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)