ന്യൂഡൽഹി: കഞ്ചിക്കോട് കോച്ച് ഫാക്‌ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. വിവിധ വശങ്ങൾ പരിശോധിച്ചതിനുശേഷം അന്തിമ തീരുമാനം ഉണ്ടാകും. റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല. സ്ഥലമേറ്റെടുപ്പിലും സർക്കാർ വിമുഖത കാണിക്കുന്നുവെന്നും പദ്ധതി നീണ്ടുപോകാൻ കാരണമിതാണെന്നും മന്ത്രി പറഞ്ഞു.

ബിഇഎംഎല്ലുമായി ചേർന്ന്​ കോച്ച്​ ഫാക്​ടറി യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് എം.ബി.രാജേഷ്​ എംപി​ റെയിൽവേ മന്ത്രിക്ക്​ ശുപാർശ സമർപ്പിച്ചിരുന്നു. എന്നാൽ പുതിയ കോച്ചുകളുടെ ആവശ്യമില്ലെന്നായിരുന്നു മന്ത്രി രേഖാമൂലം മറുപടി നൽകിയത്. ഇത് ഏറെ ആശങ്ക സൃഷ്‌ടിച്ചിരുന്നു. ഇതിനുപിന്നാലെ കോച്ച് ഫാക്‌ടറി ഉപേക്ഷിക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചു.

ആറ് കൊല്ലം മുൻപ് 2012-13 സാമ്പത്തിക വർഷത്തെ റെയിൽവേ ബജറ്റിലാണ് കേന്ദ്രം കഞ്ചിക്കോട്ട് റെയിൽവേ കോച്ച് ഫാക്‌ടറി അനുവദിച്ചത്. ഇത് യുപിഎ സർക്കാരിന്റെ പദ്ധതിയായിരുന്നു. 2012 ഫെബ്രുവരി 21 നാണ് കഞ്ചിക്കോട്ടെ കോച്ച് ഫാക്‌ടറിക്ക് തറക്കല്ലിട്ടത്. എന്നാൽ പിന്നീട് യാതൊരു പുരോഗതിയും പദ്ധതിക്കുണ്ടായില്ല. ഇതിനിടെ റായ്ബറേലി ഉൾപ്പെടെ രണ്ടു പുതിയ കോച്ച് ഫാക്‌ടറികളിൽ ഉത്പാദനം ആരംഭിക്കുകയും പുതിയവ അനുവദിക്കുകയും ചെയ്‌തു. ഇതോടെയാണ് എം.ബി.രാജേഷ് റെയിൽവേ മന്ത്രിക്ക്​ ശുപാർശ സമർപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook