ന്യൂഡല്‍ഹി: കാഞ്ചവാലയില്‍ അപകടത്തില്‍ കൊല്ലപ്പെട്ട സ്കൂട്ടര്‍ യാത്രിക തങ്ങളുടെ കാറിന്റെ ചക്രത്തിനടിയില്‍ കുടുങ്ങിയതായി പ്രതികള്‍ക്ക് അറിയാമായിരുന്നുവെന്നു ഡല്‍ഹി പൊലീസ് കോടതിയെ അറിയിച്ചു. ആറു പ്രതികളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സന്യ ദലാലിനു മുമ്പാകെയാണു പൊലീസ് ഇക്കാര്യം അറിയിച്ചത്.
സ്കൂട്ടര്‍ യാത്രികയായിരുന്ന അഞ്ജലി സിങ്ങെന്ന ഇരുപതുകാരിയെ കാറിടിച്ചുവീഴ്ത്തിയശേഷം 10-12 കിലോ മീറ്ററോളം വലിച്ചുകൊണ്ടുപോകുകയായിരുന്നു. സുല്ത്താന്പുരിയില്നിന്ന് കാഞ്ചവാലയിലേക്കാണ് അഞ്ജലിയുമായി കാര്‍ സഞ്ചരിച്ചത്. ജനുവരി ഒന്നിനു പുലര്‍ച്ചെയായിരുന്നു സംഭവം.
സി സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണു മജിസ്ട്രേറ്റിനു മുന്‍പാകെ പൊലീസ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ആറ് പുതിയ സി സി ടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭ്യമായിട്ടുണ്ടെന്നു പൊലീസിനുവേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ കോടതിയെ അറിയിച്ചു. ഒരു ദൃശ്യത്തില്‍ രണ്ടു പേര് കാറില്‍നിന്ന് ഇറങ്ങുന്നത് കണ്ടെന്നും ‘ആരോ കുടുങ്ങിയിരിക്കുന്നതായി മനസിലാക്കിയിട്ടും അവര്‍ ഡ്രൈവിങ് തുടര്‍ന്നു’ എന്നും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അിയിച്ചു.
പ്രതികളുടെ വ്യക്തിഗതവിവരങ്ങള്‍ കോടതി ചോദിച്ചെങ്കിലും അതുതല് ശീവാസ്തവ അക്കാര്യം തുറന്ന കോടതിയില്‍ വെളിപ്പെടുത്തിയില്ല.
പ്രതികളുടെ കസ്റ്റഡി അനുവദിച്ചപ്പോള്‍ പൊലീസ് എന്താണ് ചെയ്തതെന്ന് കോടതി ചോദിച്ചു. പ്രതികളെ ചോദ്യം ചെയ്തുവെന്നും അവര്‍ ശരിയായ വഴി പറയുന്നില്ലെന്നും എ പി പി അറിയിച്ചു. എന്നാല്‍ നീണ്ട ചോദ്യം ചെയ്യലിനും സി സി ടിവി ദൃശ്യങ്ങള്‍ ലഭിക്കുകയും ശേഷം ആരോ കാറിന്റെ ചക്രങ്ങള്‍ക്കടിയില്‍ കുടുങ്ങിയതായി പ്രതികള്‍ക്കു മനസിലായി വ്യക്തമായതായി എ പി പി പറഞ്ഞു.
ഇരുപതിലധികം സാക്ഷികളെ വിസ്തരിച്ചതായും കുറ്റകൃത്യം നടന്ന സ്ഥലത്തിനു സമീപത്തുനിന്നു് പുതിയ സാക്ഷിയെ ലഭിച്ചതായും പൊലീസ് പറഞ്ഞു. കാര്‍ സഞ്ചരിച്ച റൂട്ടില്‍ നിന്നുള്ള സി സി ടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്ന പ്രക്രിയ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. എന്തുകൊണ്ട് ദൃശ്യങ്ങള്‍ ഒറ്റയടിക്ക് വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നു കോടതി പൊലീസിനോട് ചോദിച്ചു.
പ്രതികളായ ദീപക് ഖന്ന, അമിത് ഖന്ന, മനോജ് മിത്തല്‍, കൃഷന്, അശുതോഷ്, മിഥുന് എന്നിവരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരെ ഇനി കസ്റ്റഡിയില്‍ ആവശ്യമില്ലെന്നു പൊലീസ് അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്.
അതിനിടെ, പ്രതികളിലൊരാളായ അശുതോഷ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ചൊവ്വാഴ്ചയ്ക്കകം മറുപടി നല്കാന് കോടതി പൊലീസിനു നിര്‍ദേശം നല്കി.
പൊലീസിനു മുന്നില്‍ കീഴടങ്ങിയ ഏഴാം പ്രതി അങ്കുഷിനു കോടതി ശനിയാഴ്ച ജാമ്യം അനുവദിച്ചിരുന്നു. സഹോദരന് അമിത് ഖന്നയെ സംരക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് അങ്കുഷിനെതിരായ കുറ്റാരോപണം. എന്നാല്‍, ജാമ്യം ലഭിക്കാവുന്നതും പരമാവധി മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതുമായ കുറ്റമാണ് ഇയാള്‍ നേരിടുന്നതിനാല്‍ 20,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.