പട്‌ന: മുന്‍ ജെഎന്‍യു സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ 2019ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കും. ബിഹാറിലെ ബെഗുസുരായി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനൊരുങ്ങുന്ന സിപിഐ നേതാവിനെ വിശാല പ്രതിപക്ഷം പിന്തുണയ്ക്കും.

ഇടത് പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനും പുറമേ രാഷ്ട്രീയ ജനതാദള്‍, എന്‍സിപി, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, ലോക്തന്ത്രിക് ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളും യുവനേതാവിന്റെ സ്ഥാനാര്‍ഥിത്വത്തിനെ പിന്താങ്ങുന്നുണ്ട്. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വീ യാദവ് അദ്ധ്യക്ഷത വഹിക്കുന്ന ‘മഹാഗത്ബന്ധന്‍’ ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

2016 ഫിബ്രവരിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തി എന്നാരോപിച്ച് ജെഎന്‍യുവില്‍ കയറിയ ഡല്‍ഹി പൊലീസ് കനയ്യകുമാര്‍ അടക്കം വരുന്ന വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു. ജെഎന്‍യു വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കാണ് പിന്നീട് രാജ്യം സാക്ഷ്യംവഹിച്ചത്. വിദ്യാര്‍ഥികളുടെത് എന്ന പേരില്‍ പ്രചരിച്ച വീഡിയോ വ്യാജമാണ് എന്ന് പിന്നീട് തെളിയുകയും കേസ് തള്ളിപ്പോവുകയുമുണ്ടായി.

നിലവില്‍ ബിജെപി പ്രതിനിധാനം ചെയ്യുന്ന ബെഗുസുരായി മണ്ഡലം ഏറെക്കാലം ആര്‍ജെഡിയുടെ സിറ്റിങ്ങ് സീറ്റായിരുന്നു. കനയ്യ കുമാറിന് സീറ്റ് വിട്ടുനല്‍കുന്ന കാര്യം അവതരിപ്പിച്ചത് ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രാസാദ് യാദവ് തന്നെയായിരുന്നു. മറ്റ് കക്ഷികള്‍ ഇതൊനോട് യോജിക്കുകയായിരുന്നു. 2014ല്‍ ബിജെപിയുടെ ഭോലാ സിങ് വിജയിക്കുന്നത് 58,000ത്തില്‍പരം വോട്ടുകള്‍ക്കാണ്.

ബെഗുസുറായി ജില്ലയിലെ ബീഹാത് പഞ്ചായത്തില്‍ ജനിച്ചയാളാണ് കനയ്യ കുമാര്‍. കനയ്യയുടെ പിതാവ് ജയശങ്കര്‍ സിങ് ബെഗുസുരായിലെ ഒരു ചെറിയ കര്‍ഷകനാണ്. അമ്മ മീനാ ദേവി അംഗനവാടിയിലെ ജോലിക്കാരിയാണ്. കനയ്യകുമാറിന്റെ സ്ഥാനാര്‍ഥിയാക്കാനുള്ള ചര്‍ച്ചകളെ സംസ്ഥാനത്തെ സിപിഐ നേത്രുത്വവും സ്വാഗതം ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook