ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവ്വകലാശാല (ജെഎൻയു) വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാറിന് രാജ്യദ്രോഹക്കുറ്റത്തിന് ചുമത്തിയ കേസിൽ തെളിവില്ലെന്ന് വന്ന വാർത്ത നിഷേധിച്ച് ഡൽഹി പൊലീസ്. കനയ്യ കുമാർ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് കരട് കുറ്റപത്രത്തിൽ ഒരിടത്തും പരാമർശമില്ലെന്നും എന്നാൽ ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായും ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്‌തിരുന്നു.

എന്നാൽ വാർത്ത ശരിയല്ലെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു. അഫ്സൽ ഗുരുവിനെ പിന്തുണച്ച് കഴിഞ്ഞ വർഷം ഫെബ്രുവരി 9ന് ജെഎൻയു ക്യാംപസിൽ നടന്ന പരിപാടിക്കിടെ വിദ്യാർഥികൾ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നും ഇന്ത്യാ വിരുദ്ധ പോസ്റ്ററുകൾ ഒട്ടിച്ചെന്നുമാണ് ഇവർക്കെതിരെയുളള കേസ്. എന്നാൽ കനയ്യ കുമാർ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചതായി കുറ്റപത്രത്തിൽ ഒരിടത്തും പറയുന്നില്ലെന്നായിരുന്നു റിപ്പോർട്ട്.

രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചേർത്താണ് കരട് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. കുറ്റപത്രം ഇപ്പോൾ ഡൽഹി പൊലീസ് കമ്മിഷണറുടെ പരിഗണനയിലാണ്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയവരിൽ പുറത്തുനിന്നുള്ള 9 പേരുമുണ്ട്. ഇവരിൽ ചിലർ കശ്മീർ സ്വദേശികളാണന്നും കുറ്റപത്രത്തിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ