ന്യൂഡല്‍ഹി: ജയ് ശ്രീറാം വിളിച്ചു കൊണ്ട് എന്തുകൊണ്ട് നിങ്ങള്‍ക്ക് ഒരു രാജ്യം, ഒരു ജനത, ഒരു രാഷ്ട്രീയം, ഒരു ലക്ഷ്യം എന്ന ആശയത്തെ കുറിച്ച് സംസാരിക്കുന്നില്ലെന്ന് ചോദിച്ച വിദ്യാര്‍ത്ഥിയ്ക്ക് മറുപടി നല്‍കി കനയ്യ കുമാര്‍. മംഗലാപുരത്ത് നടന്ന പൊതുപരിപാടിയിലായിരുന്നു സംഭവം.
എന്നാല്‍ വിദ്യാര്‍ത്ഥിനിയുടെ ചോദ്യത്തിന് കനയ്യ നല്‍കിയ മറുപടി, ജയ് ശ്രീറാം എന്നല്ല ഞങ്ങളുടെ നാട്ടില്‍ പറയുന്നത് സീതാ റാം എന്നാണെന്നായിരുന്നു. താന്‍ രണ്ട് വ്യക്തികള്‍ ചേര്‍ന്നാണുണ്ടായത്. തന്റെ മാതാപിതാക്കള്‍ ഒരുമിച്ചില്ലായിരുന്നുവെങ്കില്‍ താന്‍ ഉണ്ടാകുമായിരുന്നില്ലെന്നായിരുന്നു.
ഇന്ത്യ ഒന്നു മാത്രമേയുള്ളുവെന്ന് പറഞ്ഞ കനയ്യ എന്നാല്‍ ഈ ഇന്ത്യയുടെ ഭരണഘടനയില്‍ 300 ലധികം ആര്‍ട്ടിക്കിളുകളുണ്ടെന്നും ഒരു പാര്‍ലമെന്റാണുള്ളത് എന്നാലതില്‍ രണ്ട് സഭകളും 545 പ്രതിനിധികളുമുണ്ടെന്ന് പറഞ്ഞു. ഇന്ത്യയുടെ ഏകത എന്നത് ഒന്ന് എന്നതല്ല, മറിച്ച് ബഹുസ്വരതയാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ ജയ് ശ്രീറാമെന്നോ, ഇന്‍ക്വിലാബ് സിന്ദാബാദെന്നോ വിളിക്കാം. അതിനുള്ള സ്വാതന്ത്ര്യം ഈ നാട്ടിലെ ഭരണഘടന നല്‍കുന്നുണ്ടെന്നും കനയ്യ പറഞ്ഞു. രാമായാണത്തിന്റെ 300 ല്‍ പരം പതിപ്പുകള്‍ ഈ രാജ്യത്തുണ്ട്. ഹിമാചലില്‍ രാവണനെ സീതയുടെ പിതാവായി അവതരിപ്പിക്കുന്ന രാമാായണമുണ്ട്. ഇങ്ങനെ വൈവിധ്യം നിറഞ്ഞതാണ് ഇന്ത്യയും ഇവിടുത്തെ സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു.
”നിങ്ങള്‍ക്ക് നിങ്ങളുടെ അമ്മയോട് സ്‌നേഹമുണ്ട്. എന്നാല്‍ റോഡിലൂടെ നടക്കുമ്പോള്‍ എതിരെ വരുന്നയാള്‍ നിങ്ങളോട് നിങ്ങള്‍ക്ക് അമ്മയോടുള്ള സ്‌നേഹം തെളിയിക്കാന്‍ പറഞ്ഞാല്‍ എന്തു ചെയ്യും? അതാണ് ഞങ്ങള്‍ക്കും പറയാനുള്ളത്. ഈ രാജ്യത്തെ ഞങ്ങള്‍ സ്‌നേഹിക്കുന്നുണ്ട്. എന്നു കരുതി അത് മറ്റേരേയും ബോധ്യപ്പെടുത്തേണ്ടതില്ല” എന്നു പറഞ്ഞാണ് കനയ്യ മറുപടി അവസാനിപ്പിച്ചത്.