ന്യൂഡല്‍ഹി: സിപിഐ ദേശീയ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗവും ജെഎന്‍യു മുൻ വിദ്യാർഥി യൂണിയൻ പ്രസിഡന്റുമായ കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നു. എഐസിസിസി ആസ്ഥാനത്ത് രാഹുൽഗാന്ധിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം കോൺഗ്രസ് അംഗത്വമെടുത്തത്.
അതേസമയം, ഗുജറാത്തിലെ ദളിത് നേതാവും സ്വതന്ത്ര എംഎൽഎയുമായ ജിഗ്നേഷ് മേവാനി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. സാങ്കേതിക കാരണത്താൽ തനിക്ക് കോണ്‍ഗ്രസില്‍ ഔദ്യോഗികമായി ചേരാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.
”സാങ്കേതിക കാരണങ്ങളാൽ എനിക്ക് ഔദ്യോഗികമായി കോൺഗ്രസിൽ ചേരാൻ കഴിഞ്ഞില്ല. ഞാനൊരു സ്വതന്ത്ര എംഎൽഎയാണ്. പാർട്ടിയിൽ ചേർന്നാൽ എംഎൽഎയായി തുടരാനാകില്ല … ആശയപരമായി കോൺഗ്രസിന്റെ ഭാഗമാണ്, വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കും, ”മേവാനി പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

മുപ്പത്തിനാലുകാരനായ കനയ്യ കുമാർ ഏതാനും നാളുകൾ നീണ്ട അഭ്യൂഹത്തിനൊടുവിലാണ് കോൺഗ്രസിലെത്തിയത്. ഇതുസംബന്ധിച്ച് അദ്ദേഹം അതുവരെയും പ്രതികരിച്ചിരുന്നില്ല. കനയ്യ കുമാർ പാർട്ടി വിടില്ലെന്നാണ് സിപിഐ നേതൃത്വവും അവകാശപ്പെട്ടിരുന്നത്.
“ഞാൻ കോൺഗ്രസിൽ ചേരുകയാണ്. കാരണം ഇതൊരു പാർട്ടി മാത്രമല്ല, ഒരു ആശയമാണ്. രാജ്യത്തെ പ്രായമേറിയതും ഏറ്റവും ജനാധിപത്യമുള്ളതുമായ പാർട്ടിയാണിത്, ഞാൻ ‘ജനാധിപത്യ’ത്തിൽ ഊന്നുന്നു… കോൺഗ്രസില്ലാതെ രാജ്യത്തിന് നിലനിൽക്കാനാകില്ലെന്നാണ്, ഞാൻ മാത്രമല്ല പലരും കരുതുന്നത് … “കോൺഗ്രസിൽ ചേർന്ന ശേഷം കനയ്യകുമാർ പറഞ്ഞു.
തങ്ങള്‍ ന്യൂഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് ഗുജറാത്ത് വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേലിന്റെയും സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് മേവാനി ശനിയാഴ്ച പറഞ്ഞിരുന്നു. കനയ്യ കുമാറിനെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകൾ കോണ്‍ഗ്രസ് ആസ്ഥാനത്തിനു പുറത്ത് ഇന്ന് നിറഞ്ഞിരുന്നു.
മോഡി സര്‍ക്കാരിനെതിരായ പ്രസംഗങ്ങളിലൂടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ കനയ്യ കുമാര്‍ സിപിഐയിലെ തര്‍ക്കങ്ങളെത്തുടര്‍ന്നാണ് കോണ്‍ഗ്രസിലേക്കു പോകുന്നതെന്നാണ് സൂചന. സിപിഐയില്‍ കനയ്യ വീര്‍പ്പുമുട്ടല്‍ അനുഭവിക്കുകയായിര്നെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളില്‍നിന്നുള്ള വിവരം. അദ്ദേഹം രാഹുല്‍ ഗാന്ധിയുമായി ഈ മാസം ആദ്യം കൂടിക്കാഴ്ച നടത്തിയിരുന്നു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായ് മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
”സെപ്റ്റംബര്‍ 28 ന് ഞാന്‍ കനയ്യ കുമാറിനൊപ്പം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേരും. അതുവരെ കൂടുതല്‍ ഒന്നും പറയാനില്ല,” എന്നാണ് ജിഗ്‌നേഷ് മേവാനി പുറപ്പെടുവിച്ച ഹ്രസ്വ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയായ മേവാവനി 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയോടെയാണു വിജയിച്ചത്.
ജ്യോതിരാദിത്യ സിന്ധ്യ, സുസ്മിത ദേവ്, ജിതിന്‍ പ്രസാദ, പ്രിയങ്ക ചതുര്‍വേദി തുടങ്ങിയ നേതാക്കള്‍ പാര്‍ട്ടി വിട്ട സാഹചര്യത്തില്‍, യുവ നേതാക്കളായ കനയ്യ കുമാറിന്റെയും ജിഗ്‌നേഷ് മേവാനിയുടെയും വരവ് ഉത്തജനം സൃഷ്ടിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.
Also Read:കോവിഡില്‍ ആശ്വാസം; 18,795 പേര്‍ക്ക് രോഗം; 201 ദിവസത്തിനിടയിലെ കുറഞ്ഞ സംഖ്യ