ന്യൂഡൽഹി: ജെഎൻയു സമരനായകൻ കനയ്യകുമാറിന് ഡോക്ടറേറ്റ്. ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യമാറ്റങ്ങള്‍ എന്ന വിഷയത്തിലാണ് കനയ്യകുമാർ ഡോക്ടറേറ്റ് സ്വന്തമാക്കിയത്. ജെഎന്‍യുവില്‍ മോദി സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം സംഘടിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായ കനയ്യ കുമാറിനെതിരെ പല വ്യാജ പ്രചരണങ്ങളും സംഘപരിവാർ നടത്തിയിരുന്നു. ഇതിനെല്ലാം അന്ത്യം കുറിച്ചുകൊണ്ടാണ് കനയ്യകുമാർ പിഎച്ച്ഡി നേടിയത്.
ജനങ്ങളുടെ പണം ചെലവഴിച്ച് കനയ്യകുമാര്‍ 11 വര്‍ഷമായി പഠിക്കുകയാണെന്നും പിഎച്ച്ഡിയുടെ പരീക്ഷകളില്‍ 11 തവണ കനയ്യകുമാര്‍ പരാജയപ്പെട്ടെന്നും സംഘപരിവാര്‍ ആരോപിച്ചിരുന്നു. 2011ലാണ് കനയ്യകുമാർ എംഫിൽ-പിഎച്ച്ഡി പഠനത്തിനായി ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ ചേരുന്നത്. സമൂഹ മധ്യമങ്ങളിൽ സംഘപരിവാർ പ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുയരുന്നതിനിടയിലാണ് കനയ്യ കുമാറിന് ഡോക്ടറേറ്റ് ലഭിച്ചതെന്നതും ശ്രദ്ധേയമാണ്.
2016 ഫെബ്രുവരിയിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്‍റായിരിക്കെ പാർലമെന്‍റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നതിനെതിരെ നടന്ന പ്രതിഷേധയോഗത്തിൽ പ്രസംഗിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തിരുന്നു. ദേശവിരുദ്ധ മുദ്രവാക്യമുയർത്തി എന്നതായിരുന്നു പരാതി. ഈ കേസിൽ കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്.
എന്നാൽ എബിവിപിയാണ് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ പരിപാടിക്കെതരെ രാജ്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതെന്ന് മുൻ എബിവിപി നേതാക്കൾ വെളിപ്പെടുത്തുകയായിരുന്നു. കനയ്യകുമാറിനെതിരെ തെളിവായി എബിവിപി നൽകിയ വീഡിയോ വ്യാജമാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു.
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനയ്യകുമാറിനെ സ്ഥാനാര്‍ത്ഥിയായി സിപിഐ പരിഗണിക്കുന്നുണ്ട്. ബീഹാറിലെ ബഹുസരയില്‍ നിന്ന് കനയ്യകുമാറിനെ പരിഗണിക്കുന്നത്. ആര്‍ജെഡി കനയ്യകുമാറിനെ പിന്തുണക്കുമെന്ന് സൂചനകളും ശക്തമാണ്.