ബീജിങ്: ചൈനയില്‍ മൃഗശാലയിലെ കങ്കാരുവിനെ സന്ദര്‍ശകര്‍ കല്ലെറിഞ്ഞ് കൊന്നു. ഒരു കങ്കാരുവിനെ എറിഞ്ഞ് പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഫുജിയാന്‍ പ്രവിശ്യയിലെ ഫുസോവു മൃഗശാലയില്‍ 12 വയസുളള കങ്കാരുവിനെയാണ് കല്ലെറിഞ്ഞ് കൊന്നത്. കാലിനും കിഡ്നിക്കും ഗുരുതരമായി പരുക്കേറ്റാണ് കങ്കാരു മരിച്ചത്.
കഴിഞ്ഞ മാസമാണ് കങ്കാരുവിന് ദാരുണാന്ത്യം ഉണ്ടായതെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ദിവസത്തിന് ശേഷം മറ്റൊരു കങ്കാരുവിനേയും സന്ദര്‍ശകര്‍ കല്ലെറിഞ്ഞ് പരുക്കേല്‍പ്പിച്ചിട്ടുണ്ട്. വലത് കാലിന് പരുക്കേറ്റ കങ്കാരുവിന് മൃഗശാലാ അധികൃതര്‍ ചികിത്സ നല്‍കി. ഉറങ്ങിക്കിടക്കുന്ന കങ്കാരുക്കളെ ഉണര്‍ത്താനാണ് സന്ദര്‍ശകര്‍ കല്ലെറിയുന്നത്. ഇതിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് അനുവദിച്ച പ്രദേശങ്ങളില്‍ നിന്നും കല്ലുകള്‍ നീക്കം ചെയ്യുകയും സിസിടിവി ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമീപങ്ങളില്‍ നിന്ന് കല്ലുകള്‍ കൊണ്ടുവന്നാണ് കങ്കാരുക്കളെ എറിയുന്നത്.
കല്ലേറ് കൊണ്ട് മാത്രമല്ല, സന്ദര്‍ശകര്‍ ഭക്ഷണം കൊടുക്കുന്നതും മൃഗങ്ങളുടെ ആരോഗ്യനില മോശമാക്കുന്നുണ്ട്. മൃഗശാലയിലെ കുരങ്ങുകളും കരടികളും സന്ദര്‍ശകര്‍ നല്‍കുന്ന ഭക്ഷണം കഴിച്ച് ദഹനപ്രശ്നം അനുഭവിക്കുന്നതായി മൃഗശാലാ അധികൃതര്‍ പറയുന്നു.