മുംബൈ: ബോളിവുഡ് താരം കങ്കണ റണാവത്ത് വോട്ട് ചെയ്തു. വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്ത് വന്ന കങ്കണ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു പ്രതികരിച്ചത്. ഇന്ത്യ ഇന്ന് ശരിക്കും സ്വതന്ത്ര്യമാണെന്നും ഇറ്റാലിയന്‍ ഗവണ്‍മെന്റില്‍ നിന്നും ഇന്ത്യ സ്വതന്ത്ര്യമായെന്നും കങ്കണ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പില്‍ മുംബെയിലാണ് കങ്കണ തന്റെ വോട്ട് രേഖപ്പെടുത്തിയത്. ബൂത്തില്‍ നിന്നും പുറത്ത് വന്ന കങ്കണയോട് വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രസ്താവന.


”ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണ്. അഞ്ച് വര്‍ഷത്തിലൊരിക്കലാണ് ഇതുപോലൊരു ദിവസം വരുന്നത്. അത് പരമാവധി ഉപയോഗപ്പെടുത്തുക. സ്വാതന്ത്ര്യമെന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഇന്ത്യ അത് നേടുന്നത് ഈ ദിവസമാണ്. കാരണം, ഇതിന് മുമ്പ് ഇന്ത്യ മുഗള്‍, ബ്രിട്ടിഷ്, ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ അടിമകളായിരുന്നു. അതുകൊണ്ട് എല്ലാവരും വോട്ട് ചെയ്യണം” കങ്കണ പറഞ്ഞു.

കോണ്‍ഗ്രസിനെതിരായായിരുന്നു കങ്കണയുടെ പരോക്ഷമായ പ്രതികരണം. കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിയുടെ മാതാവും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയുമായ സോണി ഗാന്ധി ഇറ്റാലിയന്‍ സ്വദേശിയാണ്. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെയാണ് സോണിയ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് എത്തുന്നത്.

”നമ്മുടെ രാഷ്ട്രീയക്കാരൊക്കെ ലണ്ടനില്‍ ജീവിതം ആസ്വദിക്കുമ്പോള്‍ ഇവിടെ പീഡനങ്ങളും പട്ടിണിയും മലിനീകരണവും വളരുകയായിരുന്നു. നമ്മുടെ രാജ്യം കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ കടന്നു പോയതിനേക്കാള്‍ വലിയൊരു ദുരവസ്ഥയില്ല. ഇത് സ്വരാജിന്റേയും സ്വധര്‍മ്മത്തിന്റേയും സമയാണ്” കങ്കണ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook