ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹി കൂട്ടബലാത്സംഗ കേസിലെ പെൺകുട്ടിയുടെ അമ്മയോട്, “നളിനിയോട് ക്ഷമിച്ച സോണിയ ഗാന്ധിയുടെ മാതൃക പിന്തുടരണം” എന്നാവശ്യപ്പെട്ട സുപ്രീം കോടതി മുതിർന്ന അഭിഭാഷക ഇന്ദിര ജയ് സിങ്ങിനെതിരെ രൂക്ഷവിമർശനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇത്തരത്തിൽ ബലാത്സംഗം ചെയ്യുന്നവരോട് സഹതാപം കാണിക്കുന്ന സ്ത്രീകളാണ് രാക്ഷസന്മാരെ പ്രസവിച്ച് വളർത്തുന്നതെന്ന് കങ്കണ പറഞ്ഞു.

“ആ സ്ത്രീയെ നാല് ദിവസത്തേക്ക് ആ ബലാത്സംഗികളോടൊപ്പം ജയിലിൽ അടയ്ക്കണം. അവർക്ക് അത് ആവശ്യമാണ്. ബലാത്സംഗികളോട് അനുഭാവം പുലർത്തുന്നവരൊക്കെ ഏതുതരം സ്ത്രീകളാണ്? അത്തരം സ്ത്രീകളാണ് രാക്ഷസന്മാരെ പ്രസവിക്കുന്നത്. ബലാത്സംഗികളോടും കൊലപാതകികളോടും സ്നേഹവും സഹതാപവും പുലർത്തുന്ന ഇത്തരം സ്ത്രീകളാണ് അവർക്ക് ജന്മം നൽകുന്നത്,” തന്റെ പുതിയ ചിത്രം പംഗയുടെ പ്രചാരണ പരിപാടികളിൽ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കങ്കണ.

ഭാവിയിൽ ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങളിൽ നിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കാൻ ഈ ബലാത്സംഗക്കാരെ പരസ്യമായി തൂക്കിക്കൊല്ലണമെന്നും താരം കൂട്ടിച്ചേർത്തു.

“ഈ ബലാത്സംഗക്കാരെ നിശബ്ദമായാണ് തൂക്കിക്കൊല്ലേണ്ടതെന്ന് ഞാൻ കരുതുന്നില്ല. നിങ്ങൾക്ക് ഒരു മാതൃക കാണിക്കാൻ കഴിയുന്നില്ലെങ്കിൽ വധശിക്ഷയുടെ അർത്ഥമെന്താണ്? ഇവരെ പരസ്യമായി തൂക്കിക്കൊല്ലണം,” കങ്കണ പറഞ്ഞു.

തിഹാർ ജയിലിൽ കഴിയുന്ന 2012 ലെ ഡൽഹി കൂട്ടബലാത്സംഗക്കേസിലെ നാല് പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് തൂക്കിലേറ്റാൻ വിധിച്ചിരിക്കുന്നത്.

1991ൽ മുൻ പ്രധാനമന്ത്രിയും സോണിയ ഗാന്ധിയുടെ ഭർത്താവുമായിരുന്ന രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി നളിനി ശിക്ഷിക്കപ്പട്ടു. എന്നാൽ നളിനി ഒരു ചെറിയ പെൺകുട്ടിയുടെ അമ്മയാണെന്ന് ചൂണ്ടിക്കാട്ടി സോണിയ ഗാന്ധി അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ.ആർ.നാരായണന് കത്ത് നൽകുകയും വധശിക്ഷയിൽ ഇളവ് വരുത്തുകയുമായിരുന്നു.

പ്രതികളോട് ക്ഷമിക്കണമെന്നാവശ്യപ്പെട്ട് ഇന്ദിര ജയ് സിങ് നടത്തിയ വിവാദ പരാമർശത്തിൽ പെൺകുട്ടിയുടെ അമ്മ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഡൽഹി കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അമ്മ ഉൾപ്പെടെ നിരവധി പേർ ഇന്ദിരയുടെ വിവാദ പരാമർശങ്ങൾ ഉന്നയിച്ചിട്ടുണ്ട്, “എനിക്ക് ഇത്തരമൊരു നിർദേശം നൽകാൻ ഇന്ദിര ജയ് സിങ് ആരാണ്? കുറ്റവാളികളെ വധിക്കാൻ മുഴുവൻ രാജ്യവും ആഗ്രഹിക്കുന്നു. ഇവരെ പോലുള്ള ആളുകൾ കാരണം ബലാത്സംഗത്തിന് ഇരയായവർക്ക് നീതി ലഭിക്കുന്നില്ല,” എന്നായിരുന്നു പെൺകുട്ടിയുടെ അമ്മ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook