മുംബൈ: മയക്കുമരുന്ന് ഉപയോഗിച്ചെന്ന ആരോപണത്തിൽ അഭിനേത്രി കങ്കണ റണാവത്തിനെതിരേ പൊലീസ് അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. നേരത്തേ മുംബൈയെക്കുറിച്ചുള്ള കങ്കണയുടെ പരാമർശം ഏറെ വിവാദമായിരുന്നു. അവരുടെ മുംബൈയിലുള്ള വസതിയിൽ നടത്തിയ നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് അന്വേഷിക്കുമെന്ന് മുംബൈ നഗരസഭാ അധികൃതർ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിറകേയാണ് അവർ മയക്കുമരുന്ന് ഉപയോഗിച്ചതായുള്ള ആരോപണത്തിൽ പൊലീസ് അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞത്.

കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന നടൻ അധ്യായൻ സുമന്റെ ആരോപണം മുംബൈ പോലീസ് അന്വേഷിക്കുമെന്ന് അനിൽ ദേശ്മുഖ് പറഞ്ഞു. മുതിർന്ന നടൻ ശേഖർ സുമന്റെ മകനായ അദ്യായൻ ഒരിക്കൽ കങ്കണയുമായി ബന്ധത്തിലായിരുന്നുവെന്നും അവർ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് ആരോപിച്ചതായും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുംബൈ പോലീസ് ഇക്കാര്യം അന്വേഷിക്കുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

Read More: വീടിനടുത്ത് വെടിയൊച്ച കേട്ടതായി കങ്കണ; തെളിവൊന്നും ലഭിച്ചില്ലെന്ന് പൊലീസ്

ശിവസേന എം‌എൽ‌എമാരായ പ്രതാപ് സർ‌നായിക്, സുനിൽ പ്രഭു എന്നിവർ ചൊവ്വാഴ്ച നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചതായി ദേശ്മുഖ് പറഞ്ഞു. “അദ്യായൻ സുമനുമായി അവർക്ക് ബന്ധമുണ്ടെന്ന് ഞാൻ മറുപടി നൽകി. അവർ മയക്കുമരുന്ന് ഉപയോഗിച്ചുവെന്നും അവനെ മയക്കുമരുന്ന് ഉപയോഗിക്കാൻ നിർബന്ധിച്ചുവെന്നും അദ്യായൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മുംബൈ പോലീസ് ഇതെല്ലാം വിശദമായി പരിശോധിക്കും,” മന്ത്രി പറഞ്ഞു.

അതേസമയം ഈ വിഷയത്തിൽ താൻ രാഷ്ട്രീയ പകപോക്കൽ നടത്തുകയല്ല ചെയ്യുന്നതെന്ന് ശിവസേന എംപി പ്രതാപ് സർ‌നായിക് മാധ്യമങ്ങളോട് പറഞ്ഞു.മുംബൈ നഗരത്തെക്കുറിച്ചുള്ള കങ്കണയുടെ വാദത്തിനെതിരേ ശിവസേനാ നേതാക്കൾ നേരത്തേ രംഗത്തെത്തിയിരുന്നു. നഗരത്തിൽ സുരക്ഷിതത്വമില്ലെന്ന് തോന്നിയാൽ മുംബൈയിലേക്ക് മടങ്ങരുതെന്നായിരുന്നു കങ്കണയോട് അഭിപ്രായത്തെക്കുറിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞത്.

Read More: കങ്കണ നായികയായതു കാരണം ഒരു സിനിമ നിരസിക്കേണ്ടി വന്നിട്ടുണ്ട്; ഛായാഗ്രാഹകൻ പി സി ശ്രീരാം

മുംബൈ നഗരം പാക് അധീന കശ്മീർ പോലെ തോന്നുന്നുവെന്നും ഹിമാചൽ പ്രദേശ് സ്വദേശിനിയായ 33കാരിയായ കങ്കണ അഭിപ്രായപ്പെട്ടിരുന്നു. സിനിമാ മാഫിയയേക്കാൾ മുംബൈ പോലീസിനെ ഭയപ്പെടുന്നുവെന്നും ഹിമാചൽ പ്രദേശിൽ നിന്നോ കേന്ദ്രത്തിൽ നിന്നോ സുരക്ഷയാണ് താൽപര്യപ്പെടുന്നതെന്നും അവർ പറഞ്ഞിരുന്നു.

മയക്കുമരുന്ന് ഉപയോഗം ആരോപിച്ച് നടി റിയ ചക്രബർത്തിയെ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തതിന് പിറകേയാണ് കങ്കണക്കെതിരെ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര മന്ത്രി പറഞ്ഞത്. നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് എൻ‌സി‌ബി റിയയെ അറസ്റ്റ് ചെയ്തത്.

അതേസമയം, അനധികൃത നിർമാണം നടത്തിയെന്ന് പറഞ്ഞ് കങ്കണയുടെ വസതിയിൽ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അധികൃതർ ഒരു നോട്ടീസ് പതിച്ചിരുന്നു. പുനർനിർമാണത്തിന്റെ പേരിൽ കെട്ടിടത്തിൽ അനുമതിയില്ലാതെ നിരവധി മാറ്റങ്ങൾ നടത്തിയതായി ചൊവ്വാഴ്ച പതിച്ച നോട്ടീസിൽ പറയുന്നു. എന്നാൽ ആ വാദം നിഷേധിക്കുന്നതായി കങ്കണ പറഞ്ഞു.

Read More: സുശാന്തിന്റെ മരണം: സഹോദരിമാർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിനു കേസ്

അതേസമയം, മുംബൈയെയും മുംബൈ പോലീസിനെയും കുറിച്ചുള്ള പരാമർശത്തിൽ കങ്കണക്കെതിരായ വിമർശനങ്ങൾ തുടരുന്നുണ്ട്. മുതിർന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് കങ്കണയുടെ പരാമർശത്തെ അപലപിച്ചു. ഇത് പോലീസ് സേനയെ അപമാനിക്കുന്നതാണെന്ന് ഫഡ്നാവിസ് പറഞ്ഞു.

അഞ്ച് വർഷമായി സംസ്ഥാന മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചതിനാൽ മുംബൈ പോലീസിന്റെ ശേഷി തനിക്ക് അറിയാമെന്ന് പ്രതിപക്ഷ നേതാവ് കൂടിയായ ഫഡ്നാവിസ് പറഞ്ഞു. “പക്ഷേ, പോലീസ് രാഷ്ട്രീയ സമ്മർദത്തിന് വിധേയരാകാം,” എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കങ്കണ മുംബൈയിൽ തിരിച്ചെത്തുമ്പോൾ തന്റെ പാർട്ടിയായ ആർ‌പി‌ഐ (എ)യുടെ പ്രവർത്തകർ സംരക്ഷണം നൽകുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ പറഞ്ഞു. ബുധനാഴ്ച മുംബൈയിലെത്തുന്ന കങ്കണയെ സംരക്ഷിക്കാൻ ആർ‌പി‌ഐ (എ) പ്രവർത്തകർ അണിനിരക്കും. ഞങ്ങളുടെ പാർട്ടി പ്രവർത്തകർ വിമാനത്താവളത്തിലും അവരുടെ വസതിയിലും അവർക്ക് സംരക്ഷണം നൽകും,” അത്തവാലെ പ്രസ്താവനയിൽ പറഞ്ഞു.

Read More: Kangana Ranaut to face ‘drug link’ probe; Mumbai home under BMC lens

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook