മുംബെെ: നടി കങ്കണ റണാവത്തിന്റെ മുംബെെയിലെ ഓഫീസ് പൊളിച്ച നടപടിയെ രൂക്ഷമായി വിമർശിച്ച് കോടതി. മുംബെെ കോർപ്പറേഷന്റെ നടപടിയെ ബോംബെ ഹെെക്കോടതി ചോദ്യം ചെയ്തു. മുംബെെ കോർപ്പറേഷൻ ഭരിക്കുന്നത് ശിവസേനയാണ്.
താരത്തിന്റെ ബാന്ദ്ര ഓഫീസ് പൊളിച്ചത് ബൃഹൻ മുംബെെ മുൻസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) പ്രതികാര നടപടിയാണെന്ന് കോടതി കുറ്റപ്പെടുത്തി. ഓഫീസ് പൊളിക്കുന്നതിനുള്ള തുടർ നടപടികൾ കോടതി റദ്ദാക്കി. കോർപ്പറേഷന്റെ സെപ്റ്റംബർ ഒൻപതിലെ ഉത്തരവാണ് കോടതി റദ്ദാക്കിയത്. ജസ്റ്റിസുമാരായ എസ്.ജെ.കത്വാല, ആർ.ഐ.ചാഗ്ല എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസിൽ വാദം കേട്ടത്.
Read Also: അർണബ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് തെളിവില്ല; ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി
അതേസമയം, പൊളിച്ചുമാറ്റിയ ഭാഗത്ത് പുനഃനിർമിതിക്ക് കോർപ്പറേഷനിൽ നിന്ന് വീണ്ടും അനുമതി തേടണമെന്ന് കോടതി താരത്തോട് നിർദേശിച്ചു. അതായത്, സ്വന്തം താൽപര്യപ്രകാരം കങ്കണയ്ക്ക് ഓഫീസ് കെട്ടിടം നിർമിക്കാൻ സാധിക്കില്ല. തുടർന്നുള്ള എല്ലാ നിർമാണങ്ങൾക്കും കോർപ്പറേഷനിൽ നിന്ന് അനുമതി വാങ്ങണം. നഷ്ടപരിഹാരം തിട്ടപ്പെടുത്തി മാര്‍ച്ചിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തുടര്‍ന്ന് ബിഎംസി നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിർദേശിച്ചു.
കങ്കണയുടെ എല്ലാ വാദങ്ങളും തങ്ങൾ അംഗീകരിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട് താരം നടത്തിയ വാദങ്ങൾ അംഗീകരിക്കുന്നില്ല. കങ്കണയുടെ പല പരാമർശങ്ങളും അനുചിതമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. സാമൂഹ്യമാധ്യമങ്ങൾ അടക്കമുള്ള പൊതു പരിസരങ്ങളിൽ ഉത്തരവാദിത്തപൂർണമായ രീതിയിൽ ഇടപെടാൻ കങ്കണ ശ്രദ്ധിക്കണമെന്നും കോടതി നിർദേശിച്ചു. സ്വയം നിയന്ത്രിക്കാൻ കങ്കണ തയ്യാറാകണമെന്ന് പറഞ്ഞ കോടതി നിയമപരമല്ലാത്ത നിർമിതികളെ അംഗീകരിക്കില്ലെന്നും അടിവരയിട്ടു. എങ്കിലും ഉത്തരവാദിത്തമില്ലാതെ പൗരന്റെ അഭിപ്രായപ്രകടനങ്ങളോട് ഭരണകൂടം പ്രതികാര മനോഭാവത്തോടെ രീതിയില്‍ പ്രതികരിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിനെ ജനാധിപത്യത്തിന്റെ വിജയമെന്ന് കങ്കണ വിശേഷിപ്പിച്ചു.
Read Also: കര്‍ഷക മാര്‍ച്ച് തുടരുന്നു; ഹരിയാന അതിര്‍ത്തിയില്‍ ലാത്തിചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും
ബാന്ദ്ര വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസിന്റെ നിർമാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവസേന ഭരിക്കുന്ന മുംബൈ കോര്പറേഷന് കങ്കണയ്ക്ക് നോട്ടീസ് അയച്ചത്. പുനർനിർമാണത്തിൽ കെട്ടിട അനുമതിയില്ലാതെ നിരവധി മാറ്റങ്ങൾ നടത്തിയതായി കങ്കണയ്ക്ക് നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നു. എന്നാൽ ആ വാദം നിഷേധിക്കുന്നതായി കങ്കണ പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മറുപടി തൃപ്തകരമല്ലാത്തതിനെത്തുടര്‍ന്നാണ് ജെസിബി അടക്കമുള്ളവ കൊണ്ടുവന്ന് കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ കോർപ്പറേഷൻ പൊളിച്ചുമാറ്റുകയായിരുന്നു.
നടൻ സുശാന്ത് സിങ്ങിന്റെ മരണത്തെ തുടര്‍ന്നുണ്ടായ വാക്പോരാണ് ഓഫീസ് പൊളിക്കൽ നടപടികളില്‍ എത്തിച്ചത്. സംഭവത്തിൽ കങ്കണ മുംബൈക്കെതിരെയും മുംബൈ പൊലീസിനെതിരെയും ശക്തമായ വിമര്‍ശനമുന്നയിച്ചിരുന്നു. മുംബൈയില്‍ ജീവിക്കാന്‍ കഴിയില്ലെന്ന കങ്കണയുടെ പ്രസ്താവനയോടെയാണ് മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള കങ്കണയുടെ തുറന്ന പോര് ആരംഭിക്കുന്നത്.