മുംബൈ: പുല്‍വാമയിലെ ഭീകരാക്രമണത്തെ ലോകരാജ്യങ്ങള്‍ അപലപിക്കുകയാണ്. ഇന്ത്യ ഒന്നാകെ ഒരുമിച്ച് നിന്ന് ആക്രമണത്തിനെതിരെ പ്രതികരിക്കുകയാണ്. ഇതിനിടയിലാണ് കവിയായ ജാവേദ് അക്തറും, ഭാര്യയും നടിയുമായ ഷബാന ആസ്മിയും കറാച്ചിയിലേക്കുളള തങ്ങളുടെ യാത്ര റദ്ദാക്കി അക്രമത്തിനെതിരെ ശക്തമായി രംഗത്തെത്തിിയത്. കറാച്ചിയില്‍ നടക്കുന്ന സാഹിത്യ സമ്മേളനമായിരുന്നു ഇരുവരും ബഹിഷ്കരിച്ചത്.

ഇന്ത്യന്‍ സൈന്യത്തോട് ഇരുവരും കാണിച്ച ഐക്യദാര്‍ഢ്യം എന്നാല്‍ ഒരാള്‍ക്ക് അത്ര ദഹിച്ചില്ല, മറ്റാരുമല്ല ബോളിവുഡ് താരം കങ്കണ റണൗത്ത് ആണ് ഷബാനക്കെതിരെ രംഗത്തെത്തിയത്. ‘ദേശവിരുദ്ധ’ എന്നാണ് ഷബാനയെ കങ്കണ തന്റെ പ്രസ്താവനയിലൂടെ വിളിച്ചത്. കറാച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ പോകരുതെന്ന തീരുമാനം നേരത്തേ എടുക്കണമായിരുന്നു എന്നായിരുന്നു കങ്കണയുടെ പ്രതികരണം. ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാനുമായി ഷബാന ആസ്മിയെ പോലുളളവര്‍ സാംസ്കാരിക കൈമാറ്റം നടത്തുന്ന നടപടി തെറ്റാണെന്ന് കങ്കണ പറഞ്ഞു.

ഉറി ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാന്‍ കലാകാരന്മാരെ ഇന്ത്യ വിലക്കിയ സാഹചര്യത്തില്‍ എന്തിനാണ് ഇന്ത്യക്കാരിയായ ഷബാന സാംസ്കാരിക പരിപാടിക്ക് കറാച്ചിയില്‍ പോകുന്നതെന്നും കങ്കണ ചോദിച്ചു. സിനിമ മുഴുവനും ഇത്തരം ദേശവിരുദ്ധരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും കങ്കണ തുറന്നടിച്ചു.

എന്നാല്‍ കങ്കണയുടെ പ്രസ്താവനയ്ക്കെതിരെ ഷബാന രംഗത്തെത്തി. മൃഗീയമായ അക്രമത്തിനെതിരെ രാജ്യം മുഴുവന്‍ ഒന്നിച്ച് നില്‍ക്കുമ്പോള്‍ തനിക്കെതിരെ നടത്തിയ വ്യക്തിഹത്യയ്ക്ക് എന്ത് പ്രാധാന്യമാണ് ഉളളതെന്ന് ഷബാന ചോദിച്ചു. ദൈവം കങ്കണയെ അനുഗ്രഹിക്കട്ടേയെന്നും ഷബാന വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ