/indian-express-malayalam/media/media_files/qF0vS5xH9bJYlB4Cea19.jpg)
അപകട ദൃശ്യം
ഡാർജിലിങ്: തിങ്കളാഴ്ച രാവിലെ ഉറക്കമുണരുമ്പോൾ നിർമ്മൽ ജോട്ടെ ഗ്രാമത്തിലെ ആരും ഇങ്ങനെയൊരു ട്രെയിൻ അപകടം പ്രതീക്ഷിച്ചിരുന്നില്ല. ഈദ് ദിനത്തിൽ ആഘോഷങ്ങൾക്കായി ഗ്രാമവാസികൾ തയ്യാറെടുക്കവേയാണ് അപകട വാർത്ത കേൾക്കുന്നത്. ഉടൻതന്നെ ഗ്രാമവാസികൾ ദുരന്ത മുഖത്തേക്ക് ഓടുകയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവുകയും ചെയ്തു.
ഈദ് ആയതിനാൽ മുഹമ്മദ് മൊമിറുൾ (32) പോലുള്ള നിരവധി ഗ്രാമവാസികൾ നമസ്‌കാരത്തിനുശേഷം മറ്റു ആഘോഷങ്ങളിലേക്ക് കടക്കാൻ ഒരുങ്ങവേയാണ് അപകട വാർത്ത അറിയുന്നത്. ''നമസ്കാരത്തിനുശേഷം ഞാൻ വീട്ടിൽ മടങ്ങി എത്തിയതേ ഉണ്ടായിരുന്നുള്ളൂ. വീട്ടിലെ എല്ലാവരും ആഘോഷ മൂഡിലായിരുന്നു. അപ്പോഴാണ് പെട്ടെന്ന് വലിയൊരു ശബ്ദം കേൾക്കുന്നത്. ഞാൻ പെട്ടെന്ന് തന്നെ വീടിനു അടുത്തുള്ള റെയിൽവേ ട്രാക്കിലേക്ക് ഓടി. അവിടെ കോച്ചുകൾ പാളം തെറ്റി കിടക്കുന്നതായി കണ്ടു. ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് പാസഞ്ചർ ട്രെയിനിന്റെ ചക്രങ്ങൾക്കടിയിൽ കിടക്കുന്നത് ഞാൻ കണ്ടു. ഞാൻ അവിടെ എത്തുന്നതിനു മുൻപേ അദ്ദേഹം മരിച്ചിരുന്നു,'' മൊമിറുൾ പറഞ്ഞു.
മൊമിറുൾ അടക്കം 15 പേരോളം അടങ്ങുന്ന നിർമ്മൽ ജോട്ടിലെ ഗ്രാമവാസികളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്. ഈദ് ആഘോഷങ്ങൾ മറന്ന് അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനായി ഗ്രാമവാസികൾ ഒന്നടങ്കം മുന്നിട്ടിറങ്ങുകയായിരുന്നു. ആംബുലൻസുകളുടെ അഭാവത്തിൽ പരുക്കേറ്റവരെ സ്വന്തം വാഹനങ്ങളിൽ അവർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. യാത്രക്കാരിൽ ചിലരെയൊക്കെ തങ്ങളുടെ വീടുകളിൽ വിശ്രമത്തിന് എത്തിച്ചു.
അപകടം നടന്ന് ഒരു മണിക്കൂറിനുശേഷമാണ് പൊലീസിനും ദേശീയ ദുരന്ത നിവാരണ സേനയ്ക്കും (എൻഡിആർഎഫ്) ദുരന്ത നിവാരണ സേനയ്ക്കും എത്താൻ കഴിഞ്ഞതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ദുരന്ത സ്ഥലത്തുനിന്നും ആറു പേരുടെ മൃതദേഹങ്ങൾ താൻ കണ്ടെടുത്തുവെന്നും 35 പേരെ രക്ഷപ്പെടുത്തിയെന്നും മുഹമ്മദ് നസ്റുൾ പറഞ്ഞു.
''ഞാൻ ആഘോഷങ്ങൾക്കായി തയ്യാറാവുകയായിരുന്നു. അപകടത്തെക്കുറിച്ച് അറിഞ്ഞതും ഞാൻ അങ്ങോട്ടേക്ക് പോയി. അവിടെ പ്രായമായ ഒരു സ്ത്രീ എഴുന്നേൽക്കാൻ സാധിക്കാതെ പരുക്കേറ്റ് കിടക്കുന്നത് കണ്ടു. വെള്ളത്തിനായി അവർ കരയുകയായിരുന്നു. അവർ നിസഹായയായി എന്നെ നോക്കി. ഞാൻ അവരെ ആശ്വസിപ്പിച്ചു, പിന്നീട് ബന്ധുക്കൾ സിലിഗുരിയിൽ നിന്ന് വന്ന് അവരെ കൊണ്ടുപോയി,'' ഗ്രാമവാസിയായ തസ്‌ലിമ ഖാത്തൂൻ പറഞ്ഞു. കഴിഞ്ഞ വർഷം ബാലസോർ ട്രെയിൻ അപകടമുണ്ടായപ്പോൾ വാർത്ത കണ്ടത് ഞാൻ ഓർക്കുന്നു, പക്ഷേ ഇത്തരമൊരു സംഭവത്തിന് സാക്ഷിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരിക്ക് സമീപം സീൽഡയിലേക്ക് പോയ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 9 പേർ മരിച്ചിരുന്നു. മുപ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് റെയിൽവേ ഔദ്യോഗികമായി പുറത്തുവിട്ട വിവരം.
Read More
- ലോക്സഭ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്; കണക്കുകൂട്ടലുകളുമായി ഭരണ-പ്രതിപക്ഷ പാർട്ടികൾ
- ബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
- സമവായത്തിന്റെ ‘ക്ലാസിക് ഉദാഹരണം’; അയോധ്യാ തർക്കത്തിൽ തിരുത്തിയെഴുത്തുമായി എൻസിഇആർടി പാഠപുസ്തകം
- കുവൈത്തിലെത്തിയത് 5 ദിവസം മുൻപ്, ഒരു വിളിപ്പാടകലെ അച്ഛൻ; വിങ്ങലായി ശ്രീഹരി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us