ഹൈദരാബാദ്: എഴുത്തുകാരനും ചിന്തകനും ദലിത് പ്രവര്‍ത്തകനുമായ കാഞ്ച ഇലയ്യക്കെതിരെ ഭീഷണി. നാക്ക് അരിയുമെന്നും ജീവന്‍ അപായപ്പെടുത്തുമെന്നും അജ്ഞാതര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഞായറാഴ്ച ഉച്ച മുതൽ തന്നെ അജ്ഞാതർ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് അദ്ദേഹം ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
തന്റെ സാമാജിക സ്മഗളുരു കോളത്തൊള്ളു(വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്‌ളേഴ്‌സ്) എന്ന പുസ്തകമാണ് ഭീഷണിക്ക് കാരണമായതെന്നാണ് ഇലയ്യ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ആര്യ വൈശ്യ സംഘമായിരിക്കും അതിന് ഉത്തരവാദിയെന്നും തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ഇലയ്യ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

പുസ്തകത്തിന്‍റെ ഉള്ളടക്കവും പേരും ഒരു സമുദായത്തിന് അപമാനം ഉണ്ടാക്കുന്നതെന്നാണ് വൈശ്യ അസോസിയേഷൻ നേരത്തേ പരാതിപ്പെട്ടിരുന്നു. പുസ്തകം ഉടന്‍ പിന്‍വലിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതിന് ഇലയ്യ തയാറാകാത്തതിനെ തുടർന്നാണ് ഭീഷണിയെന്നാണ് സൂചന.