കാഠ്‌മണ്ഡു: ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എവറസ്റ്റിന് മുകളിൽ 21ാം വട്ടം തൊട്ട് ചരിത്രം കുറിച്ചിരിക്കുകയാണ് കാമി റിത ഷെർപ. നേപ്പാളുകാരനായ ഈ 47കാരൻ ഇന്ന് രാവിലെ 8.15 നാണ് മൗണ്ട് എവറസ്റ്റിന് മുകളിലെത്തിയത്.
ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ മൂന്നാമത്തെ സാഹസികനാണ് കാമി റിത ഷെർപ. ആൽപൈൻ അസന്റ് എവറസ്റ്റ് പര്യടന സംഘത്തിന്റെ ഭാഗമായാണ് ഇത്തവണ ഇദ്ദേഹം കൊടുമുടി കയറിയതെന്ന് ഷാംഗ്രില നേപ്പാൾ ട്രക് മാനേജിംഗ് ഡയറക്ടർ ജിബാൻ ഗിമൈർ വ്യക്തമാക്കി.
അപ ഷെർപ, ഫുർബ തഷി ഷെർപ എന്നിവരാണ് ഇതിന് മുൻപ് എവറസ്റ്റ് 21 തവണ കീഴടക്കിയിട്ടുള്ളത്. 1953 ൽ എഡ്‌മണ്ട് ഹിലാരിയും ടെൻസിംഗ് നോർഗെയും ഈ കൊടുമുടി കീഴടക്കിയ ശേഷം ഇവിടേക്ക് ഓരോ വർഷവും എത്തുന്ന സാഹസികരുടെ എണ്ണം വളരെ കൂടുതലാണ്.
1953 ന് ശേഷം മലകയറാൻ എത്തിയ 300 ലേറെ പേർ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. ഈ വർഷം പത്ത് പേരാണ് മരിച്ചത്. 200 പേരുടെ മൃതദേഹം ഇപ്പോഴും എവറസ്റ്റിന്റെ പല ഭാഗത്തായി കിടക്കുന്നുവെന്നാണ് കരുതപ്പെടുന്നത്.
371 പേർക്കാണ് മെയ് 31 ന് മുൻപ് മൗണ്ട് എവറസ്റ്റിലേക്ക് കയറാൻ നേപ്പാൾ ടൂറിസം വകുപ്പ് അനുമതി നൽകിയിരുന്നത്.