അഭിമാനകരമായ തന്റെ ഇന്ത്യൻ പാരമ്പര്യത്തേക്കുറിച്ചും, തന്നിൽ അമ്മ വളർത്തിയ ഇഡ്ഡലി പ്രേമത്തെ കുറിച്ചും ഇന്ത്യൻ-അമേരിക്കൻ സമൂഹത്തോട് വാചാലയായി ഡെമോക്രാറ്റിക് വൈസ് പ്രസിഡൻറ് നോമിനി സെനറ്റർ കമല ഹാരിസ്. അമേരിക്കയിൽ സുപ്രധാന സ്ഥാനത്തേക്ക് ഒരു പ്രധാന രാഷ്ട്രീയ പാർട്ടി നിർദേശിക്കുന്ന ആദ്യ ഏഷ്യന് അമേരിക്കന് വംശജയാണ് 55 വയസുകാരിയായ കമല.
മദ്രാസിന്റെ തെരുവുകളിലൂടെ മുത്തശ്ശനൊപ്പം കഥകൾ കേട്ട് നടന്നതും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പിറവിയെ കുറിച്ചും അതിലേക്ക് നയിച്ച മഹാൻമാരുടെ കുറിച്ചും മുത്തശ്ശൻ തനിക്ക് പറഞ്ഞുതരാറുള്ളതും കമല ഓർത്തെടുത്തു.
Read More: Explained: അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥി: കമല ഹാരിസിനെ അറിയാം
ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി ജോ ബൈഡെൻ (77) നവംബർ 3 ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യൻ-അമേരിക്ക, ആഫ്രിക്കൻ-അമേരിക്ക വംശജയുമായ കമല ഹാരിസിനെ തന്റെ സഹചാരിയായി തിരഞ്ഞെടുത്തതിലൂടെ പുതിയൊരു ചരിത്രത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.
ജമൈക്കക്കാരനും സാമ്പത്തിക ശാസ്ത്ര പ്രെഫസറുമായ ഡൊണാൾഡ് ഹാരിസിന്റേയും തമിഴ്നാട്ടുകാരിയായ ശ്യാമള ഗോപാലന്റേയും മകളായ കമല, തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബൈനഡ് ശേഷം രണ്ടാം സ്ഥാനത്തായിരിക്കും.
“ഇന്ന് 2020 ഓഗസ്റ്റ് 15. അമേരിക്കൻ ഐക്യനാടുകളിലെ ദക്ഷിണേഷ്യൻ വംശജരിൽ നിന്നുള്ള ആദ്യ വൈസ് പ്രസിഡന്റ് ആദ്യ സ്ഥാനാർത്ഥിയായി ഞാൻ നിങ്ങളുടെ മുൻപിൽ നിൽക്കുന്നു,” ബൈഡൻ നാഷണൽ കൗൺസിലിനായി ഇന്ത്യക്കാർ സംഘടിപ്പിച്ച പ്രസംഗത്തിൽ കമല ഹാരിസ് പറഞ്ഞു.
ബൈഡനോടൊപ്പം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കമല ഇന്ത്യൻ അമേരിക്കക്കാരെ അഭിവാദ്യം ചെയ്തു.
“ഇന്ത്യയിലെ ജനങ്ങൾക്കും യുഎസിലുടനീളമുള്ള ഇന്ത്യൻ അമേരിക്കക്കാർക്കും, സ്വാതന്ത്ര്യദിനാശംസ നേരുന്നു. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയിലുടനീളമുള്ള പുരുഷന്മാരും സ്ത്രീകളും ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ സന്തോഷിച്ചു,” കൗൺസിലിന്റെ വെർച്വൽ ഉദ്ഘാടന യോഗത്തിൽ കമല ഹാരിസ് പറഞ്ഞു.

ജോ ബൈഡനും കമല ഹാരിസും
1964 ഒക്ടോബർ 20 ന് കാലിഫോർണിയയിലെ ഓക്ക്ലാൻഡിലാണ് കമല ഹാരിസ് ജനിച്ചത്. അമ്മ ശ്യാമള ഗോപാലൻ തമിഴ്നാട്ടിൽ നിന്ന് യുഎസിലേക്ക് കുടിയേറി. അച്ഛൻ ഡൊണാൾഡ് ജെ ഹാരിസ് ജമൈക്കയിൽ നിന്നും യുഎസിലേക്ക് മാറി.
“പത്തൊൻപതാം വയസിൽ കാലിഫോർണിയയിൽ വിമാനമിറങ്ങുമ്പോൾ എന്റെ അമ്മ ശ്യാമളയുടെ കൈയിൽ ഒരുപാട് സാധനങ്ങളൊന്നും ഇല്ലായിരുന്നു. സ്വന്തം അമ്മയുടേയും അച്ഛന്റേയും കൈയിൽ നിന്നുള്ള പാഠങ്ങളായിരുന്നു കൂടെയുണ്ടായിരുന്നത്. അനീതി കണ്ടാൽ അതിനെതിരെ പ്രതികരിക്കേണ്ടത് ഉത്തരവാദിത്തമാണെന്ന് അവർ തങ്ങളുടെ മകളെ പഠിപ്പിച്ചിരുന്നു,” കമല പറഞ്ഞു.
മഹാത്മാഗാന്ധിയുടെ അഹിംസാ ആക്ടിവിസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡോ. മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ ഉൾപ്പെടെയുള്ള നേതാക്കൾ തുടക്കമിട്ട പൗരാവകാശ പ്രസ്ഥാനത്തിനൊപ്പം ഓക്ക്ലാൻഡിലെ തെരുവുകളിൽ മാർച്ച് ചെയ്യാനും അലറാനും എന്റെ അമ്മയെ പ്രേരിപ്പിച്ചത് അതാണ്” കമല പറഞ്ഞു.
ഈ പ്രതിഷേധത്തിനിടയിലാണ് അമ്മ തന്റെ പിതാവിനെ കണ്ടതെന്ന് പറഞ്ഞ കമല ഹാരിസ്, ബാക്കി തന്റെ മാതാപിതാക്കൾ പറയുന്നതുപോലെ ചരിത്രമാണെന്നും കൂട്ടിച്ചേർത്തു.

കമല ഹാരിസ്
“വളർന്നുവന്നപ്പോൾ, അമ്മ എന്നേയും സഹോദരി മായയെയും, അക്കാലത്ത് മദ്രാസ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്തേക്ക് തിരികെ കൊണ്ടുപോകുമായിരുന്നു. കാരണം അമ്മ എവിടെ നിന്നാണ് വന്നതെന്നും ഞങ്ങൾക്ക് വംശപരമ്പര ഉണ്ടെന്നും ഞങ്ങൾ മനസ്സിലാക്കണമെന്ന് അവർക്ക് നിർബന്ധമായിരുന്ന. നല്ല ഇഡ്ലിയോടുള്ള സ്നേഹം ഞങ്ങളിൽ വളർത്താൻ അമ്മ എപ്പോഴും ആഗ്രഹിച്ചു,” കമല ഹാരിസ് പറഞ്ഞു.
“മദ്രാസിൽ ഞാൻ മുത്തച്ഛനോടൊപ്പം ഒരുപാട് ദൂരം നടക്കാൻ പോകുമായിരുന്നു. അദ്ദേഹത്തിന്റെ കൈ പിടിച്ചുള്ള പ്രഭാത സവാരികളിൽ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പിറവിക്ക് കാരണക്കാരായ നായകന്മാരെക്കുറിച്ച് അദ്ദേഹം എനിക്ക് പറഞ്ഞുതരുമായിരുന്നു. അവർ നിർത്തിയിടത്ത് നിന്ന് മുന്നോട്ട് കൊണ്ടുപോകേണ്ടത് നമ്മുടെ കടമയാണെന്ന് അദ്ദേഹം പറയുമായിരുന്നു. ഇന്ന് ഞാൻ ആരാണോ അതിന്റെ ഒരു വലിയ കാരണമാണ് ആ പാഠങ്ങൾ,” കമല ഹാരിസ് തന്നിലെ ഇന്ത്യൻ പൈതൃകത്തിന്റെ ആഴത്തിലുള്ള സ്വാധീനത്തെ കുറിച്ച് വിശദീകരിച്ചു.
Read in English: Kamala Harris on her proud Indian heritage, walks in Chennai and love for idli
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook