Latest News

ചരിത്രം കുറിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്; കമല ഹാരിസ് സ്വന്തമാക്കിയത് അപൂർവ നേട്ടങ്ങൾ

ഈ സ്ഥാനത്തേക്കെത്തുന്ന ആദ്യ ഇന്ത്യൻ വംശജയെന്നതിലുപരി മറ്റ് പ്രത്യേകതകളും കമല ഹാരിസിനുണ്ട്

kamala harris, കമല ഹാരിസ് who is kamala harris, ആരാണ് കമല ഹാരിസ്, kamala harris profile, അമേരിക്കൻ തിരഞ്ഞെടുപ്പ്, kamala harris news, kamala harris us election 2020, us elections 2020 candidates, us elections 2020 candidates list

ഇന്ത്യൻ വംശജയായ കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത് ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കിയാണ്. യുഎസ് വൈസ് പ്രസിഡന്റാവുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. ഈ സ്ഥാനത്തേക്കെത്തുന്ന ആദ്യ ഇന്ത്യൻ വംശജയെന്ന നേട്ടവും കമല ഹാരിസിന് സ്വന്തം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്ന വെളുത്ത വംശജനോ വംശജയോ അല്ലാത്ത ആദ്യ വ്യക്തിയെന്ന നേട്ടത്തിനും കമല ഹാരിസ് ഉടമയായി. അമേരിക്കയിൽ സുപ്രധാന സ്ഥാനത്തേക്ക് ഒരു പ്രധാന രാഷ്ട്രീയ പാർട്ടി നിർദേശിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയെന്ന പ്രത്യേകതയുമുണ്ട് 55 വയസുകാരിയായ കമലയ്ക്ക്.

ഡെമോക്രാറ്റിക് പാർട്ടിയാണ് കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചത്. പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബെെഡൻ ജയമുറപ്പിച്ചതോടെ കമല ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുമെന്നും ഉറപ്പിച്ചിരിക്കുകയാണ്. പെൻ‌സിൽ‌വാനിയയിലും ജയം നേടിയതോടെയാണ് ബൈഡൻ പ്രസിഡന്റ് സ്ഥാനമുറപ്പിച്ചത്.

Read More: ജോ ബൈഡൻ തന്നെ പ്രസിഡന്റ്; ട്രംപ് പുറത്തേക്ക്

ബൈഡൻ ജയമുറപ്പിച്ചതോടെ കമല ഹാരിസ് തന്റെ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചു. “ഈ തിരഞ്ഞെടുപ്പ് ജോ ബൈഡനോ ഞാനോ പോലുള്ള വ്യക്തികളെക്കുറിച്ചല്ല. ഇത് അമേരിക്കയുടെ ആത്മാവിനെക്കുറിച്ചും അതിനായി പോരാടാനുള്ള ഞങ്ങളുടെ സന്നദ്ധതയെക്കുറിച്ചുമാണ്. ഞങ്ങൾക്ക് വളരെയധികം ജോലിയുണ്ട്. നമുക്ക് തുടങ്ങാം,” അവർ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.

കാലിഫോർണിയയിലെ ഓക്‌ലൻഡിലാണ് കമലയുടെ ജനനം. നേരത്തെ കാലിഫോർണിയയുടെ അറ്റോർണി ജനറലായും സാൻ ഫ്രാൻസിസികോ ഡിസ്ട്രിക് അറ്റോർണിയുമായിരുന്ന കമല ഹാരിസ് 2016 മുതൽ അമേരിക്കൻ സെനറ്റിന്റെ ഭാഗമാണ്. 2019ൽ മാർട്ടിൻ ലൂഥർ കിങ്ങിന്റെ ജന്മദിനത്തിലാണ് തിരഞ്ഞെടുപ്പിലേക്ക് കമല തന്റെ പേര് സ്വയം നിർദേശിക്കുന്നത്. ചരിത്രം സൃഷ്ടിക്കുന്ന സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ചായിരുന്നു അവരുടെ കടന്നുവരവ്.

 ഇന്ത്യൻ ബന്ധവും മാതാപിതാക്കളും

1964 ഒക്ടോബര്‍ ഇരുപതിനാണ് കാലിഫോര്‍ണിയയിലെ ഓക്ക്‌ലാന്‍ഡിൽ കമലയുടെ ജനനം. ജമൈക്കക്കാരനായ പിതാവ് ഡൊണാൾഡ് ഹാരിസ് സാമ്പത്തിക ശാസ്ത്ര പ്രെഫസറാണ്. തമിഴ്നാട്ടുകാരിയായ ശ്യാമള ഗോപാലനാണ് മാതാവ്. അറുപതുകളിൽ പഠനാവശ്യത്തിനായി അമേരിക്കയിലേക്ക് പോയ ശ്യാമള പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. ഇതിനിടയിലാണ് ഡൊണാൾഡ് ഹാരിസുമായുള്ള വിവാഹം. സ്തനാർബുദ ഗവേഷകയായ ശ്യാമള കുറച്ച് വർഷം മുൻപാണ് മരിച്ചത്.

Read More: ഇന്ത്യൻ പാരമ്പര്യം, ഇഡ്ഡലി പ്രേമം; മദ്രാസിലെ ബാല്യകാല സ്മരണകളിൽ കമല ഹാരിസ്

കമലയ്ക്ക് അഞ്ചുവയസുള്ളപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. പിന്നീട് കമലയും സഹോദരി മായയും അമ്മയ്‌ക്കൊപ്പമായിരുന്നു. തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിയായിട്ടാണ് കമല അമ്മയെ കാണുന്നത്. സഹോദരി മായ അഭിഭാഷകയാണ്. ഹിലരി ക്ലിന്റന്റെ അഡ്വൈസറായും പ്രവർത്തിച്ചുവരുന്നു.

അഭിഭാഷകവൃത്തി

പ്രൊസിക്യൂട്ടറായ കമല ഹാരിസ് 2004 മുതൽ 2011 വരെ സാൻ ഫ്രാൻസിസ്കോ ഡിസ്ഡ്രിക്ട് അറ്റോർണിയായും 2011 മുതൽ 2017 വരെ കാലിഫോർണിയ അറ്റോർണി ജനറലായും പ്രവർത്തിച്ചിരുന്നു. ‘പുരോഗമനവാദിയായ പ്രോസിക്യൂട്ടർ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കമല ഹാരിസ്, ജോർജ് ഫ്ലോയിഡ് കൊലപാതകത്തിന്റെ പ്രതിഷേധങ്ങളുടെ അലകൾ ഇപ്പോഴും സജീവമായ അമേരിക്കയിൽ വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാൽ അറ്റോർണി ജനറൽ എന്ന നിലയിൽ, പൗരന്മാരെ കൊന്ന പൊലീസ് ഉദ്യോഗസ്ഥരെ അപൂർവമായി മാത്രമേ അവർ വിചാരണ ചെയ്തിരുന്നുള്ളൂ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കറുത്ത മനുഷ്യനായ കെവിൻ കൂപ്പറിനെ കുറ്റവിമുക്തനാക്കിയേക്കാവുന്ന ഡിഎൻ‌എ പരിശോധന അനുവദിക്കാത്തതിനും പ്രോസിക്യൂട്ടർ ദുരാചാരത്തിനെതിരായ ചില കുറ്റങ്ങൾക്കെതിരെ വാദിച്ചതിനും അവർ വിമർശിക്കപ്പെട്ടിട്ടുണ്ട്.

വധശിക്ഷയെ എതിർക്കുമ്പോഴും 2004 ൽ സാൻഫ്രാൻസിസ്കോയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടപ്പോൾ അത് അന്വേഷിക്കാൻ അവർ വിസമ്മതിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നപ്പോൾ മികച്ച ക്രിമിനൽ നീതിന്യായ വ്യവസ്ഥയോടുള്ള അവരുടെ പ്രതിബദ്ധതയുടെ ഉദാഹരണമായാണ് അതിനെ ചൂണ്ടിക്കാട്ടിയത്. എന്നാൽ 10 വർഷത്തിനുശേഷം, ഒരു ജഡ്ജി കാലിഫോർണിയയുടെ വധശിക്ഷ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചപ്പോൾ, സംസ്ഥാനത്തിന്റെ അറ്റോണി ജനറലായി ഇത് ചെയ്യാൻ ബാധ്യസ്ഥയാണെന്ന് പറഞ്ഞ് അവർ അപ്പീൽ നൽകുകയും ചെയ്തിരുന്നു.

കമല ഹാരിസ് എന്ന സെനറ്റർ

2016ലാണ് സെനറ്റിലേക്ക് കമല ഹാരിസ് തെരഞ്ഞെടുക്കപ്പെടുന്നത്. പുതുമുഖമാണെങ്കിലും ട്രംപ് ഭരണകൂടത്തെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന വ്യക്തിയായിരുന്നു കമല. അടുത്ത കാലത്തായി, ഡെമോക്രാറ്റിക് പാർട്ടിയുടെ ഇടതുപക്ഷവുമായി കൂടുതൽ അടുത്ത് നിൽക്കാൻ അവർ ശ്രമിച്ചു. ഫെഡറൽ മിനിമം വേതനം മണിക്കൂറിന് 15 ഡോളറായി ഉയർത്താനും രാജ്യത്തിന്റെ ജാമ്യ വ്യവസ്ഥ പരിഷ്കരിക്കാനുമുള്ള നിർദേശങ്ങളെയും അവർ പിന്തുണച്ചിട്ടുണ്ട്.

വിദ്യാഭ്യാസം

വാഷിങ്ടണിലെ ഹോവാര്‍ഡ് സര്‍വകലാശാലയില്‍നിന്നാണ് കമല ബിരുദം നേടിയത്. ആഫ്രിക്കന്‍-അമേരിക്കന്‍ വനിതാസമാജമായ ആല്‍ഫ കാപ്പ ആല്‍ഫയിലെ അംഗമായിരുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഹേസ്റ്റിങ്‌സ് കോളേജ് ഓഫാ ലോയില്‍നിന്നാണ് കമല നിയമബിരുദം നേടിയത്.

Web Title: Kamala harris joe bidens vice president choice

Next Story
ബൈ ബൈ ട്രംപ്; അമേരിക്കയെ നയിക്കാന്‍ ബൈഡന്‍, പ്രവർത്തനങ്ങൾ തുടങ്ങി
The moderation of comments is automated and not cleared manually by malayalam.indianexpress.com