ന്യുയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മിന്നുന്ന ജയം സ്വന്തമാക്കിയ ജോ ബൈഡനൊപ്പം സന്തോഷം പങ്കുവച്ച് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ്. തിരഞ്ഞെടുപ്പിൽ ജയം ഉറപ്പിച്ചതിനു പിന്നാലെ കമല ഹാരിസ് ട്വിറ്ററിൽ ഒരു വീഡിയോ പങ്കുവച്ചു. ജോ ബൈഡനെ ഫോണിൽ വിളിക്കുന്നതാണ് വീഡിയോ.
“നമ്മളിത് ചെയ്തിരിക്കുന്നു, നമ്മളിത് സാധ്യമാക്കിയിരിക്കുന്നു ജോ ! നിങ്ങൾ യുഎസിന്റെ അടുത്ത പ്രസിഡന്റ് ആകാൻ പോകുന്നു” എന്നാണ് കമല ഫോണിലൂടെ പറയുന്നത്. ഫോൺ സംഭാഷണത്തിനു പിന്നാലെ കമല പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. ആദ്യമായി യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യൻ വംശജയാണ് കമല ഹാരിസ്.
We did it, @JoeBiden. pic.twitter.com/oCgeylsjB4
— Kamala Harris (@KamalaHarris) November 7, 2020
അമേരിക്കയുടെ ആത്മാവ് വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്നും കമല പറഞ്ഞിരുന്നു. “അമേരിക്കയുടെ ആത്മാവിനു വേണ്ടി പ്രവർത്തിക്കാനുള്ള സന്നദ്ധതയാണ് തങ്ങൾക്ക് ഈ തിരഞ്ഞെടുപ്പ്. ഞങ്ങൾക്ക് മുൻപിൽ ഒരുപാട് കാര്യങ്ങളുണ്ട്. നമുക്ക് ഒന്നിച്ച് അത് ആരംഭിക്കാം” മറ്റൊരു വീഡിയോയിൽ കമല പറയുന്നു.
യുഎസിന്റെ 46-ാം പ്രസിഡന്റായാണ് ബെെഡൻ തിരഞ്ഞെടുക്കപ്പെട്ടത്. പെൻസിൽവാനിയയിലും ജയം നേടിയതോടെ ബൈഡൻ പ്രസിഡന്റ് സ്ഥാനമുറപ്പിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ-അമേരിക്കൻ വംശജ കമല ഹാരിസ് അടുത്ത വൈസ് പ്രസിഡന്റാവും. രണ്ട് തവണ യുഎസ് വൈസ് പ്രസിഡന്റായിരുന്നു 74കാരനായ ബൈഡൻ. യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ബെെഡൻ. ജോസഫ് റോബിനെറ്റ് ബെെഡന് 77 വയസ്സുണ്ട്.
യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് ആശംസകൾ നേർന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഈ വിജയത്തിൽ ജോ ബൈഡന് ആശംസകൾ നേരുന്നു! വൈസ് പ്രസിഡന്റ് ആയിരുന്ന കാലത്ത് ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്താൻ ബൈഡൻ ചെയ്ത കാര്യങ്ങൾ പ്രശംസനീയവും ഏറെ വിലപ്പെട്ടതുമാണ്. ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ കൂടുതൽ ഊഷ്മളവും ശക്തവുമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ കമല ഹാരിസിനെയും പ്രധാനമന്ത്രി അനുമോദിച്ചു. കമല ഹാരിസിന്റെ വിജയം അമേരിക്കയിലെ ഇന്ത്യക്കാർക്ക് അഭിമാനം നൽകുന്നതാണെന്നും മോദി ട്വീറ്റ് ചെയ്തു.