കൊച്ചി: പ്രമുഖ നടിക്കു നേരെയുണ്ടായ അക്രമണത്തിൽ പ്രതിഷേധിച്ച് ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ കൊച്ചിയിൽ ഒത്തുചേർന്നു. എറണാകുളം ദർബാർ ഹാളിൽ നടന്ന പരിപാടിയിൽ ചലച്ചിത്രരംഗത്തെ നിരവധി പേർ പങ്കെടുത്തു. കേരളത്തിൽ ഇങ്ങനെയൊന്നും സംഭവിക്കില്ല എന്നു പറയുന്ന മലയാളിയുടെ ധാർഷ്‌ട്യത്തിന് കിട്ടിയ അടിയാണ് ഈ സംഭവമെന്ന് സംവിധായകൻ കമൽ അഭിപ്രായപ്പെട്ടു.

രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ സ്ത്രീകൾ ധൈര്യം കാണിക്കുന്ന കാലത്താണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. സൗമ്യയ്ക്കുണ്ടായ ദുരന്തം നമ്മൾ കണ്ടതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. അതിൽ കേരളം ലജ്ജിക്കണം. ഈ​ കേസിൽ ഉൾപ്പെട്ട് ക്രിമിനലുകൾ മാത്രമല്ല, കുറ്റക്കാർ എല്ലാ മലയാളികളും കുറ്റക്കാരാണ്.

നമ്മൾ ചലച്ചിത്ര പ്രവർത്തകർക്കിടിയിലും ക്രിമിനൽവത്ക്കരണം നടക്കുന്നുവെന്നതിന്റെ അപായ സൂചനയാണിത്. നമ്മൾ സ്നേഹത്തോടെയും സൗഹൃദത്തോടെയൂം കഴിയുന്നവരാണെന്ന വിശ്വാസത്തിലായിരുന്നു.​എന്നാൽ ഇപ്പോഴത്തെ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് നമ്മുടെയിടയിൽ ക്രിമിനൽവത്ക്കരണം നുഴഞ്ഞുകയറുന്നുവെന്നതാണ്.

ചലച്ചിത്രരംഗത്തോ കലാരംഗത്തോ മാത്രമല്ല, എല്ലാ രംഗത്തുമുള്ള സ്ത്രീകളുടെ പ്രതീകമാണ് അവര്‍. ഇത്തരമൊരു സംഭവത്തിനിരയായാൽ വല്ലാതെ തകർന്നുപോകുന്ന ഒരുപാട് സഹോദരിമാരെ കണ്ടിട്ടുണ്ട്. എന്നാൽ സംഭവിച്ചത് പറയാൻ ധൈര്യം കാണിച്ചതുകൊണ്ടാണ് പ്രതിരോധം തീർക്കാൻ പറ്റിയതെന്നും കമൽ പറഞ്ഞു.

ഇതിന് പിന്നിൽ നടന്നിരിക്കന്നത് ക്രിമിനൽ ഗൂഢാലോചനയാണ്. അതിനെ നിയമത്തിന് മുന്നിൽ​കൊണ്ടുവരാൻ ഉളള പ്രവർത്തനത്തിന് അങ്ങേയറ്റം പൂർണമായ പിന്തുണ നൽകണമെന്ന് മഞ്ജു വാര്യർ പറഞ്ഞു. ഒരു സ്ത്രീ വീടിനകത്തും പുറത്തും ​പുരുഷന് നൽകുന്ന ബഹുമാനം അതേ അളവിൽ തിരിച്ചു കിട്ടാൻ ഉളള അർഹത സ്ത്രീക്ക് ഉണ്ടെന്നും മഞ്ജു പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ