ചെന്നൈ: അടുത്തകാലങ്ങളില്‍ മാധ്യമങ്ങള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്ത വിഷയമായിരുന്നു സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റേയും ഉലകനായകന്‍ കമല്‍ ഹാസന്റേയും രാഷ്ട്രീയ പ്രവേശനം. തന്റെ ജന്മദിനത്തിലാണ് കമല്‍ രാഷ്ട്രീയപ്രവേശനത്തിന്റെ ഭാഗമായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തുവിട്ടത്.

രാഷ്ട്രീയ പ്രവേശനം വൈകുന്നതിനെക്കുറിച്ച് ഇത്തവണ ആനന്ദ വികടന്‍ എന്ന തമിഴ് വാരികയില്‍ കമല്‍ വ്യക്തമാക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇത് ഇത്രവൈകുന്നതെന്നും കാര്യങ്ങള്‍ എവിടെവരെയായി എന്നുമുള്ള ചോദ്യം ഇടയ്ക്കിടെ തനിക്കു നേരെ ഉയരുന്നുണ്ടെന്ന് കമല്‍ പറഞ്ഞു. ഒരു സിനിമയുടെ നിര്‍മ്മാണം ആരംഭിക്കുന്ന ആദ്യദിവസം തന്നെ അതിന്റെ കഥയെന്തെന്നു ചോദിക്കുന്നതു പോലെയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

‘എന്നാല്‍ സിനിമയില്‍ തന്റെ തിരക്കഥ മറ്റുള്ളവര്‍ തട്ടിയെടുക്കുമെന്നും നമ്മള്‍ സിനിമ ചെയ്യുന്നതിനു മുമ്പ് അവര്‍ ചെയ്യുമെന്നുമുള്ള ഭയമുണ്ട്. ഇതേഭയം രാഷ്ട്രീയത്തിലുമുണ്ട്.’ രജനികാന്തിനെക്കുറിച്ചാണ് പേരെടുത്തു പറയാതെ കമല്‍ഹാസന്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത് എന്നും സംസാരങ്ങളുണ്ട്. കാര്യങ്ങള്‍ പറയുമ്പോള്‍ ശ്രദ്ധിക്കണമെന്നും, പറയേണ്ട കാര്യങ്ങള്‍ മാത്രം പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ