ഭോപ്പാൽ: ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ ബിജെപിയുടെ ‘ദുർഭരണം’ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശിവന് കോൺഗ്രസ് നേതാവ് കമൽനാഥിന്റെ തുറന്ന കത്ത്.

മാധ്യമങ്ങൾക്ക് വിതരണം ചെയ്ത തുറന്ന കത്തിൽ ശിവന്റെ അവതാരമായ മഹാകലേശ്വറിനോടാണ് കോൺഗ്രസ് നേതാവ് തന്റെ അഭ്യർത്ഥന അറിയിച്ചത്.  രാജ്യത്തെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നാണ് ഉജ്ജയിനിയിലുളള മഹാകലേശ്വർ ക്ഷേത്രം.

കഴിഞ്ഞ 15 വർഷത്തെ ഭരണത്തിനിടയിൽ സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമായെന്നും സ്ത്രീകൾ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും കർഷകർ ആത്മഹത്യ ചെയ്യുന്നുവെന്നും പരാതിപ്പെടുന്നുണ്ട് കത്തിൽ. ഈ കാലയളവിൽ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ നടത്തിയ എല്ലാ വാഗ്‌ദാനങ്ങളും ലംഘിക്കപ്പെട്ടുവെന്ന കുറ്റപ്പെടുത്തലുമുണ്ട്.

നീണ്ട 15 വർഷത്തിനിടയിൽ 1.90 ലക്ഷം കോടിയായി സംസ്ഥാനത്തിന്റെ കടം ഉയർന്നുവെന്നും 90 ശതമാനം കർഷകർക്കും തങ്ങളുടെ വായ്‌പ തിരിച്ചടക്കാൻ സാധിക്കാത്ത നിലയിലായെന്നും ഇതേ തുടർന്ന് അവരിൽ വളരെയേറെ പേരും ആത്മഹത്യ ചെയ്തെന്നും കുറ്റപ്പെടുത്തലുണ്ട്. ഇതിന് പുറമെ ഒന്നര പതിറ്റാണ്ടിനിടയിൽ നടന്ന അഴിമതി കഥകളും കോൺഗ്രസ് തിരഞ്ഞെടുപ്പിന് മുൻപായി നടത്തുന്ന പ്രചാരണ പരിപാടിയിൽ ഉയർത്തിക്കാട്ടുന്നുണ്ട്.

എന്നാൽ കോൺഗ്രസ് നേതാവിന്റെ കത്തിനെ വിമർശിച്ച് സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ രംഗത്ത് വന്നു. “മഹാകലേശ്വർ ഭഗവാൻ എല്ലാ കാര്യങ്ങളും കാണുന്നുണ്ട്. അദ്ദേഹത്തിന് എന്താണ് നടക്കുന്നതെന്നും നന്നായിട്ട് അറിയാം. പിന്നെ പ്രത്യേകിച്ച് ഒരു കത്തയക്കേണ്ട കാര്യമെന്തിരിക്കുന്നു. അതിനാൽ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ എല്ലാം ഒരിക്കൽ കൂടി വ്യക്തമാകും,” ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രജനീഷ് അഗർവാൾ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ