ഭോപാൽ: ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിടുകയും 22 എംഎൽഎമാർ രാജവയ്ക്കുകയും ചെയ്തതിന് പിന്നാലെ മധ്യപ്രദേശിൽ കനത്ത തിരിച്ചടി നേരിടുന്ന കോൺഗ്രസ് സർക്കാർ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പിനെ നേരിടും. നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ച കമല്‍നാഥ് സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ ആവശ്യപ്പെട്ടു.

വിശ്വാസ വോട്ടെടുപ്പിന് കുറച്ചുകൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ കമൽനാഥ് ഗവർണർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പാൻ നടത്താൻ ആവശ്യപ്പെട്ടുകൊണ്ട് ഗവർണർ മറുപടി നൽകുകയായിരുന്നു.

Also Read: സിന്ധ്യയുടെ രാഷ്ട്രീയ കളി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജ്യോതിയണയ്ക്കുമോ?

“ഭരണഘടനയുടെ ആർട്ടിക്കിൾ 174, 175 (2) പ്രകാരം, മധ്യപ്രദേശ് നിയമസഭാ സമ്മേളനം മാർച്ച് 16 രാവിലെ 11 ന് എന്റെ പ്രസംഗത്തോടെ ആരംഭിക്കും. ഇതിന് ശേഷം ആദ്യം തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണം,” ഗവർണർ കമൽനാഥിന് നൽകിയ കത്തിൽ പറയുന്നതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ന്യൂനപക്ഷ സര്‍ക്കാരാണ് നിലവിലുള്ളതെന്നും മൂന്ന് പേജുള്ള കത്തില്‍ പറയുന്നു.

22 എംഎല്‍എമാര്‍ രാജിവെച്ചതോടെ കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിന് തുടര്‍ന്നുഭരിക്കാന്‍ ഭരണഘടനാപരമായ അവകാശമില്ലെന്നും ചൂണ്ടികാട്ടി ബിജെപി ഗവർണറെ കണ്ടിരുന്നു. മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, നരോത്തം മിശ്ര, രാംപാല്‍ സിങ്, ഭൂപേന്ദ്ര സിങ് തുടങ്ങിയ നേതാക്കളുടെ സംഘമാണ് ഗവര്‍ണറെ കണ്ടത്.

Also Read: Covid 19 Live Updates:കനത്ത ജാഗ്രതയിൽ സംസ്ഥാനം, അതിർത്തികളിൽ കർശന പരിശോധന

ആകെ 230 സീറ്റുകളാണ് മധ്യപ്രദേശ് നിയമസഭയിലുള്ളത്. രണ്ട് എംഎൽഎമാരുടെ നിര്യാണത്തെ തുടർന്ന് രണ്ട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതിനാൽ ഇപ്പോൾ ആകെയുള്ള 228 എംഎല്‍എമാരാണുള്ളത്. കോണ്‍ഗ്രസിന് 114 എംഎല്‍എമാരാണുണ്ടായിരുന്നത്. നാല് സ്വതന്ത്രർ, രണ്ട് ബിഎസ്‌പി, ഒരു എസ്‌പി എംഎൽഎമാരുടെ അടക്കം 121 പേരുടെ പിന്തുണയാണ് കമൽനാഥ് സർക്കാരിനുണ്ടായിരുന്നത്. ബിജെപിക്ക് 107 എംഎൽഎമാരുടെ പിന്തുണയാണുള്ളത്.

22 എംഎൽഎമാര്‍ രാജിവച്ചതോടെ സർക്കാരിന്റെ ഭൂരിപക്ഷം 99 ആയി കുറഞ്ഞു. 22 എംഎൽഎമാർ രാജിവച്ച സാഹചര്യത്തിൽ നിയമസഭയിലെ ആകെ എംഎല്‍എമാരുടെ എണ്ണം 206 ആകും. കേവല ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകളുടെ എണ്ണം 104 ആകും. ഈ സാഹചര്യത്തില്‍ 107 എംഎൽഎമാരുള്ള ബിജെപിക്ക് ന്യൂനപക്ഷമായ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാനാകും. രാജിവച്ച സിന്ധ്യ അനുകൂലികളില്‍ ആറ് മന്ത്രിമാരുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook