ന്യൂഡൽഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ഉൾപ്പെട്ട സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട ഏഴ് കേസുകളില്‍ പുനരന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് 1984ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തിലാണ് ആഭ്യന്തര മന്ത്രാലയം നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം പുനരന്വേഷണം നടത്താൻ തീരുമാനിച്ചത്. കമല്‍നാഥിനെതിരായ ആരോപണങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കും.
കേസിലെ ഒരു ദൃക്‌സാക്ഷിയാണ് കലാപത്തിൽ കമൽനാഥിന്റെ പങ്കിനെക്കുറിച്ചു ആരോപണം ഉന്നയിച്ചത്. സെൻട്രൽ ഡൽഹിയിലെ റകബ്ഗഞ്ച് ഗുരുദ്വാരയ്ക്ക് പുറത്ത് കമൽനാഥിന്റെ സാന്നിധ്യത്തിൽ രണ്ടു സിഖുകാർ കൊല്ലപ്പെട്ടതായാണ് ദൃക്‌സാക്ഷിയുടെ മൊഴി.
Also Read: കശ്മീരിലെ നിയന്ത്രണങ്ങൾ നീക്കണം, ഇന്ത്യയോട് അഭ്യർഥിച്ച് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ
കലാപം അന്വേഷിച്ച നാനാവതി കമ്മീഷനു മുന്നില്‍ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടറടക്കം രണ്ട് പേര്‍ കമല്‍നാഥിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു. കമൽനാഥ് ഇതു നിഷേധിക്കുകയും അന്വേഷണ ഏജൻസി അദ്ദേഹത്തിനു സംശയത്തിന്റെ ആനുകൂല്യം നൽകുകയും ചെയ്തിരുന്നു.കലാപം നിയന്ത്രിക്കാനാണ് താന്‍ അവിടെ പോയതെന്നായിരുന്നു കമല്‍നാഥിന്‍റെ വിശദീകരണം.
പുനരന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ ഡല്‍ഹി എംഎല്‍എയും ശിരോമണി അകാലിദള്‍ നേതാവുമായ മഞ്ജീന്ദര്‍ സിങ് സിര്‍സ രംഗത്തെത്തി. പുനരന്വേഷണം നടത്തുന്ന കേസുകളിൽ ഒന്നിൽ പ്രതികളായ അഞ്ച് പേർക്ക് കമൽനാഥ് അഭയം നല്‍കിയിരുന്നുവെന്നാണ് ആരോപണം.