ഭോപ്പാല്‍: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചരണ വേളയിലെ വാഗ്ദാനം പാലിച്ച് കമല്‍നാഥ്. അധികാരമേറ്റതിന്  പിന്നാലെ ആദ്യ നടപടിയായി കര്‍ഷകരുടെ കടം എഴുതി തള്ളുന്നതിന് അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവില്‍ കമല്‍നാഥ് ഒപ്പിട്ടു.

ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും 2018 മാര്‍ച്ച് 31 ന് മുമ്പായി ലോണ്‍ എടുത്തിട്ടുള്ള കര്‍ഷകരുടെ കടമാകും എഴുതി തള്ളുകയെന്ന് അഗ്രികള്‍ച്ചറല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് രജോറ പറഞ്ഞു.

നേരത്തെ തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് രാഹുല്‍ ഗാന്ധിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രണ്ട് ലക്ഷം രൂപവരെയുള്ള കര്‍ഷക കടം എഴുതിത്തള്ളുമെന്ന്. ആ വാക്കാണ് ഇന്ന് കമല്‍നാഥ് പാലിച്ചിരിക്കുന്നത്.

മധ്യപ്രദേശിന്റെ 18-ാമത് മുഖ്യമന്ത്രിയായാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഭോപ്പാലില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബന്‍ പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പുറമെ മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, എച്ച്.ഡി.ദേവഗൗഡ, മറ്റ് പ്രതിപക്ഷ നേതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

രാജസ്ഥാനില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയായും, സംസ്ഥാന അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയുമായാണ് സത്യപ്രതിജ്ഞ ചെയ്തത്. ജയ്പൂരില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ്ങാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാഹുല്‍ ഗാന്ധിക്ക് പുറമെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഇത് മൂന്നാം തവണയാണ് അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകുന്നത്.

രാജസ്ഥാനിലെ സത്യപ്രതിജ്ഞ ചടങ്ങള്‍ക്ക് ശേഷമാണ് നേതാക്കള്‍ മധ്യപ്രദേശിലെത്തിയത്. ഇവിടെനിന്നും ഛത്തീസ്ഗഡിലേക്ക് തിരിക്കുന്ന നേതാക്കള്‍ ഭൂപേഷ് ബാഗലിന്രെ സത്യപ്രതിജ്ഞയിലും പങ്കെടുക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook