ഭോപ്പാൽ: മുതിർന്ന കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽനിന്നു രാജിവച്ചു. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് രാജിക്കത്ത് കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ.പി.നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് രാജിപ്രഖ്യാപനം. സിന്ധ്യയ്ക്ക് ബിജെപി കേന്ദ്ര മന്ത്രിപദം വാഗ്‌ദാനം ചെയ്തതായി സൂചനയുണ്ട്.

രാജ്യസഭ സീറ്റിനെ ചൊല്ലിയുളള തർക്കമാണ് മധ്യപ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇടയാക്കിയത്. ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ രണ്ടു രാജ്യസഭാ സീറ്റിൽ ഒന്ന് തനിക്ക് സീറ്റ് നൽകണമെന്നും അല്ലെങ്കിൽ പാർട്ടി മധ്യപ്രദേശ് ഘടകത്തിന്റെ അധ്യക്ഷനാക്കണമെന്നുമാണ് സിന്ധ്യയുടെ ആവശ്യം. എന്നാൽ സിന്ധ്യയ്ക്ക് സീറ്റ് നൽകുന്നതിനോടു കോൺഗ്രസിനു യോജിപ്പില്ല. സീറ്റ് നൽകിയില്ലെങ്കിൽ തനിക്കൊപ്പമുളള എംഎൽഎമാർക്കൊപ്പം ബിജെപിയിൽ ചേർന്ന് കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനാണ് സിന്ധ്യയുടെ നീക്കമെന്നാണു സൂചന.

Read Also: കോഴിക്കോട് കാരമൂലയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തനിലയിൽ; ആശങ്കയോടെ നാട്ടുകാർ

സിന്ധ്യ പക്ഷക്കാരായ 6 മന്ത്രിമാരുൾപ്പെടെ 17 എംഎൽഎമാർ അജ്ഞാത കേന്ദ്രത്തിലാണ്. ഇവർ ബെംഗളൂരുവിലുണ്ടെന്നാണു സൂചന. തൊഴിൽ മന്ത്രി മഹേന്ദ്ര സിസോഡിയ, വനിതാ, ശിശു വികസന മന്ത്രി ഇമാർതി ദേവി, ഗതാഗത മന്ത്രി ഗോവിന്ദ് രജ്പുത്, ആരോഗ്യമന്ത്രി തുളസി സിലാവത്ത്, സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി പ്രഭുരം ചൗധരി, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പ്രദ്യുമ്‌ന തോമർ എന്നിങ്ങനെ കോൺഗ്രസിലെ പ്രമുഖ നേതാക്കളാണ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പമുള്ളത്.

ആകെ 230 സീറ്റുകളാണ് മധ്യപ്രദേശിലുള്ളത്. രണ്ട് എംഎൽഎമാരുടെ നിര്യാണത്തെ തുടർന്ന് രണ്ട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതിനാൽ ഇപ്പോൾ ആകെയുള്ള 228 പേരാണ്. ഇതിൽ കോൺഗ്രസ് സർക്കാരിനു 114 എംഎൽഎമാരുണ്ട്. നാല് സ്വതന്ത്രർ, രണ്ട് ബിഎസ്‌പി, ഒരു എസ്‌പി എംഎൽഎമാരുടെ അടക്കം 121 പേരുടെ പിന്തുണയാണ് കമൽനാഥ് സർക്കാരിനുള്ളത്. ബിജെപിക്ക് 116 എംഎൽഎമാരുടെ പിന്തുണയാണുള്ളത്. പത്ത് എംഎൽഎമാർ കൂറുമാറിയാൽ കോൺഗ്രസിനു അധികാരം നഷ്‌ടപ്പെടും. ബിജെപിക്ക് അധികാരത്തിലെത്താനും സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook