ചെന്നൈ: പ്രമുഖ നടൻ കമൽഹാസന് ഇന്ന് 63 വയസ് തികയും. പിറന്നാൾ ദിനത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന് കാതോർത്തിരിക്കുകയാണ് തമിഴകം. വെള്ളിത്തിരയിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന താരം പ്രത്യക്ഷ രാഷ്ട്രീയ പ്രവേശനത്തിനാണ് തയ്യാറെടുക്കുന്നത്.

ഉലകനായകൻ രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുന്നത് വലിയ ആവേശമാണ് ആരാധകരിൽ നിറച്ചത്. ചെന്നൈയിൽ ഇന്ന് പ്രത്യേക പത്രസമ്മേളനം വിളിച്ചു ചേർത്ത് താരം രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

ജനങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള വേദിയുണ്ടാക്കാനാണ് കമൽഹാസന്റെ ശ്രമം. ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇന്ന് ടി നഗറിൽ താരം പുറത്തിറക്കും. ഇതിന് ശേഷം അഴിമതി വിരുദ്ധ പോരാട്ടം തന്നിലേക്ക് കേന്ദ്രീകരിക്കുകയാണ് താരത്തിന്റെ ശ്രമം.

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനുള്ള ധനസമാഹരണത്തിനും ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനുമുള്ള മൊബൈല്‍ ആപ്പ് പിറന്നാള്‍ ദിവസമായ ചൊവ്വാഴ്ച പുറത്തിറക്കുമെന്ന് കമല്‍ഹാസന്‍ നേരത്തേ തന്നെ പറഞ്ഞിരുന്നു. കേളമ്പാക്കത്ത് ആരാധക സംഘടനാ പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

തമിഴ്‌നാടിന്റെ രാഷ്ട്രീയത്തില്‍ ഒരു ശുദ്ധീകരണത്തിന്റെ ആവശ്യമുണ്ടെന്നും ഇപ്പോഴുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ കൈയ്യിലും കറ പുരണ്ടിരിക്കുന്നുവെന്നും കമല്‍ഹാസന്‍ ആരോപിച്ചിരുന്നു. തമിഴ്നാടിന് വേണ്ടി നിസ്വാര്‍ത്ഥമായി സേവനം ചെയ്യാന്‍ താല്‍പര്യമുള്ളവരെ കമൽഹാസന്‍ സ്വാഗതം ചെയ്തു. പുതിയ ആശയങ്ങളും പുതിയ മുഖങ്ങളുമാണ് തനിക്കൊപ്പം അണിചേരുകയെന്ന് കമല്‍ഹാസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി കമല്‍ഹാസന്റെ രാഷ്ട്രീയപ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. ആം ആദ്മി പാര്‍ട്ടിയോട് അനുഭാവ പൂര്‍ണമായ നിലപാടുകള്‍ സ്വീകരിച്ച കമല്‍ഹാസന്‍ കാവി തന്റെ നിറമല്ലെന്ന് വ്യക്തമാക്കിയിരുന്നു. കൂടാതെ നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടിരുന്നു.

കേരളം മുഖ്യമന്ത്രി പിണറായി വിജയനുമായും, ഡല്‍ഹി മുഖ്യമന്ത്രിയും, ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്‌രിവാളുമായും നേരെത്തെ കമല്‍ ഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook