ചെന്നെെ: കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ അഭിനന്ദിച്ച് നടൻ കമൽഹാസൻ. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചാണ് കമൽഹാസൻ അഭിനന്ദനം അറിയിച്ചത്. കേരളത്തിന്റെ കോവിഡ് പ്രതിരോധം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതാണെന്നും തമിഴ്നാട് കേരളത്തെ മാതൃകയാക്കണമെന്നും കമൽഹാസൻ പറഞ്ഞു. കേരളത്തിന്റെ കോവിഡ് പ്രതിരോധം മികച്ചതാണെന്ന് തമിഴ് നടൻ പ്രകാശ് രാജും നേരത്തെ പറഞ്ഞിരുന്നു. കോവിഡിനെ പ്രതിരോധിക്കുന്നതിൽ തമിഴ്നാട് സർക്കാരിന് വീഴ്ച പറ്റിയെന്നും പ്രതിരോധ പ്രവർത്തനങ്ങൾ സുതാര്യമല്ലെന്നും വിമർശനം ഉയർന്ന സാഹചര്യത്തിലാണ് കേരളത്തെ അഭിനന്ദിച്ച് കമൽഹാസൻ രംഗത്തെത്തിയിരിക്കുന്നത്.
Read Also: ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം ഇല്ല, പ്രവാസികളെ ഉടൻ വീട്ടിലേക്ക് വിടില്ല; മുഖ്യമന്ത്രി പറഞ്ഞത്
കേന്ദ്ര സർക്കാരും നേരത്തെ കേരളത്തെ അഭിനന്ദിച്ചിരുന്നു. കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ പൂർണ സംതൃപ്തി രേഖപ്പെടുത്തി. ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് കേന്ദ്രം കേരളത്തെ അഭിനന്ദിച്ചത്. പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെ ക്യാബിനറ്റ് സെക്രട്ടറി പ്രത്യേകം അഭിനന്ദിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ കേരളത്തിന്റെ മാതൃക പിന്തുടരണമെന്ന് ക്യാബിനറ്റ് സെക്രട്ടറി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
Read Also: പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനമൊരുങ്ങി; രണ്ട് ലക്ഷത്തോളം പേര്‍ക്ക് ക്വാറന്റൈന് സൗകര്യം
ആഗോള തലത്തിൽ കേരള മോഡൽ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ബിബിസി, വാഷിങ്ടൺ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളിലും കേരള മോഡൽ ചർച്ചയായി. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ കേരളത്തിലായിരുന്നു. എന്നാൽ, ഇപ്പോൾ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 37 പേർ മാത്രമാണ്. അതേസമയം, തമിഴ്നാട്ടിൽ കോവിഡ് പോസിറ്റീവ് കേസുകൾ ദിനംപ്രതി വർധിക്കുകയാണ്. കോവിഡുമായി ബന്ധപ്പെട്ട കണക്കുകൾ സർക്കാർ കൃത്യമായി പുറത്തുവിടുന്നില്ല എന്ന ആക്ഷേപവും തമിഴ്നാട്ടിൽ ഉയർന്നിട്ടുണ്ട്.