മധുര: നടൻ കമൽഹാസന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഇന്നു മധുരയിൽ നടക്കും. വൈകിട്ട് അഞ്ച് മണിക്കാണ് മധുരയിലെ ഒത്തക്കട മൈതാനിയിൽ താരം ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. വിപുലമായ ഒരുക്കങ്ങളാണ് ഒത്തക്കടയിൽ ഒരുക്കിയിരിക്കുന്നത്.

അതേസമയം രാഷ്ട്രീയ പ്രചാരണ ജാഥ രാമേശ്വരത്ത് നിന്ന് ആരംഭിച്ചു. രാവിലെ മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിന്റെ സ്മാരകത്തിൽ നിന്നാണ് കമൽഹാസന്റെ പര്യടനം ആരംഭിച്ചത്. ഇവിടെ നിന്ന് കലാമിന്റെ വസതിയിലേക്ക് പോയ കമൽഹാസൻ അരമണിക്കൂർ ഈ വസതിയിൽ ചിലവഴിച്ചു. രാമനാഥപുരം, പരമക്കുടി, മാനാമധുര എന്നിവിടങ്ങൾ പിന്നിട്ട ശേഷം മധുരയിൽ വൈകിട്ട് അഞ്ചിനാണ് രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ റാലിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ റാലിയിൽ സന്ദേശം നൽകും. പാർട്ടിയുടെ പേരും ആശയവും റാലിയിൽ പ്രഖ്യാപിക്കും. തുടർന്നു മൈതാനത്തു പാർട്ടിയുടെ പതാക ഉയർത്തും.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും എത്തിയേക്കും. ഇന്നലെ വൈകിട്ട് അഞ്ചിന് ഒത്തക്കട മൈതാനിയിലെ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ കമൽഹാസനു മധുര വിമാനത്താവളത്തിൽ ആരാധകർ വൻ വരവേൽപു നൽകി. ഇതിന് ശേഷം കമൽഹാസൻ രാമേശ്വരത്തേക്ക് പോയി.

ദ്രാവിഡ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാകും രാഷ്ട്രീയ പോരാട്ടമെന്നാണ് ലഭിക്കുന്ന സൂചനകൾ. അഴിമതിക്കും വർഗ്ഗീയതയ്ക്കും എതിരായി നിലപാട് സ്വീകരിക്കുമെന്നാണ് കമൽഹാസൻ നേരത്തേ തന്നെ വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ