ചെന്നൈ: ആരാധകരുടെ ആവേശം രജനികാന്തിന് വിനയായി. കഴിഞ്ഞ ഡിസംബറില്‍ തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനിയുടെ രാഷ്ട്രീയ അരങ്ങേറ്റത്തെ തന്നെ ബാധിക്കുന്നതാണ് പുതിയ സംഭവം.

എം.ജി.ആര്‍ സര്‍വ്വകലാശാലയില്‍ എം.ജി.ആറിന്റെ ശില്‍പ്പം അനാച്ഛാദനം ചെയ്യാനായി എത്തിയതായിരുന്നു രജനി. വന്‍ റാലിയുടെ അകമ്പടിയോടെയായിരുന്നു രജനി സര്‍വ്വകലാ ശാലയിലെത്തിയത്. എന്നാല്‍ റാലിക്കിടെ വലിയ ബാനറുകളുയര്‍ത്തിയും റോഡ് ബ്ലോക്ക് ചെയ്തും അണികളും ആരാധകരും രംഗം വഷളാക്കുകയായിരുന്നു. സംഭവത്തില്‍ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

തമിഴ് സിനിമയിലെ സൂപ്പര്‍ താരവും രജനിയ്ക്ക് മുമ്പു തന്നെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുകയും ചെയ്ത കമലഹാസനായിരുന്നു ആദ്യത്തെ ഒളിയമ്പെയ്തത്. മാറ്റം ഉള്ളില്‍ നിന്നു തന്നെ വരേണ്ടതെന്നായിരുന്നു രജനിയുടെ റാലിയ്‌ക്കെതിരായ കമലഹാസിന്റെ പ്രതികരണം.

മധുരവോയല്‍ രജനികാന്ത് ഫോറമായിരുന്നു നിയമ വിരുദ്ധമായി പോസ്റ്ററുകളും ബാനറുകളുമുയര്‍ത്തിയത്. കഴിഞ്ഞ നവംബറില്‍ ബോര്‍ഡ് ദേഹത്ത് വീണ് ഒരാള്‍ മരിച്ചതിന് പിന്നാലെ മദ്രാസ് ഹൈക്കോടതി ബോര്‍ഡുകളും ബാനറുകളുമെല്ലാം നിരോധിച്ചിരുന്നു. നിയമലംഘനം ചൂണ്ടിക്കാണിച്ച് നിരവധി സാമൂഹ്യ പ്രവര്‍ത്തകരാണ് രംഗത്തെത്തിയിരിക്കുന്നത്.

രജനി കടന്നു വന്ന വീഥിയുടെ ആറ് കിലോമീറ്ററോളം ദൂരെ വലിയ ബോര്‍ഡുകളും ഫ്‌ളക്‌സുകളും സ്ഥാപിച്ചത് യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയുണ്ടായി. വാഹനഗതാഗതവും തടസപ്പെട്ടു. തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നതിനിടെ സിസ്റ്റത്തില്‍ മാറ്റം കൊണ്ടു വരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് രജനി പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം.

‘ രാഷ്ട്രീയത്തിലെ പരമ്പരാഗത രീതികളേയും മറ്റും മാറ്റിമറിക്കുമെന്ന് പറഞ്ഞ രജനികാന്ത് തന്നെ, അതേ രീതികള്‍ പിന്തടരുകയാണ്. അതും അതിനേക്കാളൊക്കെ വലിയ തരത്തില്‍’ രാഷ്ട്രീയ നിരീക്ഷകനായ ജോണ്‍ ആരോഗ്യസ്വാമി പറയുന്നു.

‘സിസ്റ്റത്തെ ശുദ്ധമാക്കണെന്ന് പറയുന്ന രജനികാന്ത് തന്റെ ആരാധകരോട് എല്ലാ ബോര്‍ഡുകളും പോസ്റ്ററുകളും മാറ്റാന്‍ പറയുകയാണ് വേണ്ടത്.’ സാമൂഹ്യ പ്രവര്‍ത്തകനും നിയമവിരുദ്ധമായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്നയാളുമായ രാമസ്വാമി പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook