ന്യൂഡൽഹി: സിബിഎസ്ഇ പാഠ്യപദ്ധതിയിൽ നിന്ന് ഫെഡറലിസം, പൗരത്വം, മതേതരത്വം എന്നിവയെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരേ വിമർശനവുമായി ചലച്ചിത്ര താരവും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ.

ശക്തമായ ഭാഷയിലാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നടപടിയെ കമൽഹാസൻ വിമർശിക്കുന്നത്. സിലബസിൽ നിന്ന് ഇല്ലാതാക്കിയ മതേതരത്വം, പൗരത്വം, ജനാധിപത്യ അവകാശങ്ങൾ, ജിഎസ്ടി എന്നിവയ്ക്ക് പകരം ഹിറ്റ്ലറുടെ ആത്മകഥയായ മെയിൻ കാംഫും വംശീയ സംഘടനയായ ക്ലു ക്ലക്സ് ക്ലാനിന്റെ ചരിത്രവുമാണോ പഠിപ്പിക്കുക എന്ന് കമൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

Read More: പൗരത്വം, ദേശീയത, മതേതരത്വം: പാഠഭാഗങ്ങള്‍ ഒഴിവാക്കി സിബിഎസ്ഇ സിലിബസ്

“വിദ്യാർത്ഥികളുടെ സമ്മർദ്ദം കുറയ്ക്കുന്നതിനായി സിബിഎസ്ഇ സിലബസിൽ നിന്ന് ഇല്ലാതാക്കിയ അധ്യായങ്ങളാണ് മതേതരത്വം, പൗരത്വം, ജനാധിപത്യ അവകാശങ്ങൾ, ജിഎസ്ടി എന്നിവ!

ഒരുപക്ഷേ, അവർ മെയിൻ കാംഫ്, കു ക്ലക്സ് ക്ലാന്റെ ചരിത്രം, മാർക്വിസ് ഡി സേഡെയുടെ ജസ്റ്റിൻ എന്നിവ വിദ്യാർത്ഥികളുടെ സമ്മർദ്ധം കുറയ്ക്കാനുള്ള കാര്യങ്ങളായി ചേർക്കും!” – കമൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

11-ാം ക്ലാസിലെ അടുത്ത പൊളിറ്റിക്കൽ സയൻസ് സിലബസിൽ നിന്നാണ് “ഫെഡറലിസം, പൗരത്വം, മതേതരത്വം” എന്നിവയെക്കുറിച്ചുള്ള പാഠഭാഗങ്ങൾ സിബിഎസ്ഇ ഒഴിവാക്കിയത്.

Read More: ‘സർക്കാരിന് വേണ്ടത് വാട്സ്ആപ്പ് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം’: സിലബസ് മാറ്റത്തിനെതിരെ പ്രതിപക്ഷം

പാഠ്യപദ്ധതിയിൽ നിന്ന് 30 ശതമാനം പാഠഭാഗങ്ങൾ കുറയ്ക്കാൻ സിബിഎസ്ഇ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പൗരത്വം, മതേതരത്വം അടക്കമുള്ള വിഷയങ്ങളെക്കുറിച്ചുള്ള പാഠങ്ങളും ഒഴിവാക്കുന്നത്.

‘പ്രാദേശിക ഭരണകൂടങ്ങൾ ആവശ്യമായി വരുന്നത് എന്തു കൊണ്ട്?’, ‘ഇന്ത്യയിലെ തദ്ദേശഭരണത്തിന്റെ വളർച്ച’ എന്നിവയുൾപ്പെടെയുള്ള ഉപവിഭാഗങ്ങളും സിബിഎസ്ഇ പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിർദേശത്തെത്തുടർന്നാണ് സിബിഎസ്ഇയുടെ നടപടി.

Read More: രാജീവ് ഗാന്ധി ഫൗണ്ടേഷൻ, ഇന്ദിര ഗാന്ധി ട്രസ്റ്റ് എന്നിവയ്‌ക്കെതിരെ അന്വേഷണവുമായി ആഭ്യന്തരമന്ത്രാലയം

കോവിഡ്‌ ബാധയെ തുടര്‍ന്ന് സ്കൂളുകൾ അടച്ചുപൂട്ടിയ സാഹചര്യത്തില്‍ ഉണ്ടായ അക്കാദമിക് നഷ്ടം പരിഹരിക്കുന്നതിനായാണ് നടപടിയെന്ന് എച്ച്ആർഡി മന്ത്രാലയം വിശദീകരിക്കുന്നു. 9 മുതൽ 12 വരെ ക്ലാസുകളിലെ സിലബസ് 30 ശതമാനം കുറയ്ക്കണമെന്ന് മന്ത്രാലയം സിബിഎസ്ഇയോട് ആവശ്യപ്പെടുകയായിരുന്നു.

വരുന്ന പഠന വർഷത്തിലേക്ക് മാത്രമാണ് പാഠഭാഗങ്ങൾ വെട്ടിക്കുറയ്ക്കുന്നതെന്നും തുടർന്നുള്ള വർഷങ്ങളിൽ അത് പഴയപടിയാക്കുമെന്നും സിബിഎസ്ഇ പിന്നീട് വിശദീകരിച്ചിരുന്നു. രാജ്യത്തെ പ്രതിപക്ഷ കക്ഷികളിൽ നിന്നും നീക്കത്തിനെതിരേ ശക്തമായി വിമർശനമുയർന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook