ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി തമിഴ്‌നാട്ടിലുടനീളം യാത്ര നടത്തുമെന്ന് കമല്‍ഹാസന്‍. ജനുവരി 26 മുതലായിരിക്കും കമലിന്റെ തമിഴ്‌നാട് യാത്ര ആരംഭിക്കുന്നത്. നിലവില്‍ തമിഴ്‌നാട് ഭരിക്കുന്ന എടപ്പാടി പളനിസാമി സര്‍ക്കാരിന്റെ അഴിമതിയും മോശം ഭരണവും ചൂണ്ടിക്കാട്ടിയായിരിക്കും യാത്ര. സംസ്ഥാനത്ത് നടക്കുന്ന അഴിമതി ഭരണവും കെടുകാര്യസ്ഥതയും ചൂണ്ടിക്കാണിക്കാന്‍ മയ്യം വിസില്‍ എന്ന പേരില്‍ കമല്‍ നേരത്തെ മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരുന്നു.

‘ജനങ്ങളെ കാണുന്നതിനായി ഈ മാസം 26ന് ഞാന്‍ എന്റെ യാത്ര ആരംഭിക്കുകയാണ്. യാത്രയുടെ എല്ലാ വിവരങ്ങളും തമിഴ് വാരികയായ ആനന്ദ വികടന്റെ അടുത്ത ലക്കത്തില്‍ അറിയിക്കും’ – കമൽഹാസന്‍ വ്യക്തമാക്കി. കൃത്യമായ തീയതികളും സ്ഥലങ്ങളും ജനുവരി 18ന് അറിയിക്കും.

തന്റെ 63-ാം ജന്മദിനത്തിലായിരുന്നു കമൽഹാസന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് പലരും കരുതിയിരുന്നെങ്കിലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെങ്കില്‍ താഴെത്തട്ടിലിറങ്ങി ഇനിയും ചില കാര്യങ്ങള്‍ മനസിലാക്കണമെന്ന് അന്ന് കമല്‍ പറഞ്ഞിരുന്നു.

കമല്‍ഹാസനു പിന്നാലെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. രജനീകാന്തുമായി ഒപ്പം ചേര്‍ന്ന് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച് പുതിയ വിപ്ലവം സൃഷ്ടിക്കാന്‍ തനിക്ക് താല്പര്യമുണ്ടെന്ന് കമല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആനന്ദ വികടന്‍ വാരികയിലാണ് അദ്ദേഹം ഇത് സംബന്ധിച്ച് താല്പര്യം പ്രകടിപ്പിച്ച് ലേഖനം എഴുതിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ