ചെന്നൈ: പേരോ പ്രശസ്തിയോ പണമോ കൊണ്ടുമാത്രം രാഷ്ട്രീയത്തില്‍ വിജയിക്കാനാകില്ലെന്ന സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ പരിഹാസത്തിന് മറുപടിയുമായി ഉലകനായകന്‍ കമല്‍ഹാസന്‍. തുറന്നടിച്ചല്ലെങ്കിലും രജനികാന്തിനു നേര്‍ക്കെന്ന തരത്തിലാണ് കമല്‍ഹാസന്റെ പുതിയ ട്വീറ്റ്.

‘ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും. പിന്നീട് നിങ്ങളെ നോക്കി ചിരിക്കും. ശേഷം അവര്‍ നിങ്ങളോട് യുദ്ധം ചെയ്യും, നിങ്ങള്‍ വിജയിക്കും. ഗാന്ധിജിയുടെ ഈ വാക്കുകള്‍ നമ്മള്‍ ഇപ്പോള്‍ ഓര്‍ക്കണം.’ എന്നതായിരുന്നു അദ്ദേഹത്തിന്റെ പുതിയ ട്വീറ്റ്.

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുളള അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ രജനീകാന്തും കമല്‍ഹാസനും ഒരേ വേദിയിലെത്തിപ്പോഴായിരുന്നു കമലിനെക്കുറിച്ച് രജനിയുടെ പരാമര്‍ശം. ചെന്നൈയില്‍ നടന്‍ ശിവാജി ഗണേശന്റെ സ്മാരക ഉദ്ഘാടന ചടങ്ങിലായിരുന്നു ഇരു താരങ്ങളും ഒരുമിച്ച് പങ്കെടുത്തത്. നടനായതുകൊണ്ടുമാത്രം രാഷ്ട്രീയത്തില്‍ വിജയിക്കാനാവില്ലെന്ന് രജനി പറഞ്ഞു.

പേരോ പ്രശസ്തിയോ പണമോ കൊണ്ടു മാത്രം രാഷ്ട്രീയത്തില്‍ വിജയിക്കാനാവില്ല. ഒരു നടനെ രാഷ്ട്രീയക്കാരനാക്കി മാറ്റുന്ന ഘടകങ്ങള്‍ അതിലൊക്കെ ഉപരിയാണ്. ഒരുപക്ഷേ കമല്‍ഹാസന് അത് എന്താണെന്ന് അറിയുമായിരിക്കും. രണ്ടു മാസം മുന്‍പ് അദ്ദേഹത്തോട് ഞാനിത് ചോദിച്ചിരുന്നുവെങ്കില്‍ പറഞ്ഞു തന്നേനെ. പക്ഷേ ഇന്ന് അദ്ദേഹത്തോട് ഇത് ചോദിച്ചാല്‍ എന്റെ കൂടെ വരൂ, ഞാന്‍ പറഞ്ഞുതരാം എന്നായിരിക്കും കമലിന്റെ മറുപടിയെന്നും രജനീ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ