ചെന്നൈ: ഡിഎംകെയുമായുളള സഖ്യം ഉപേക്ഷിച്ചാല്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം (എംഎന്‍എം) കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് പാര്‍ട്ടി നേതാവും നടനുമായ കമല്‍ഹാസന്‍. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന കമല്‍ഹാസന്‍ ഈ വര്‍ഷം ഫെബ്രുവരിയിലാണ് മക്കള്‍ നീതി മയ്യം സ്ഥാപിച്ചത്. തന്തി ടിവിയുമായുളള അഭിമുഖത്തിലായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. ‘കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം ബന്ധം ഇല്ലാതാവുകയാണെങ്കില്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണ്. തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ഗുണം ഉണ്ടാകുന്ന സഖ്യത്തിനായി കോണ്‍ഗ്രസുമായി ചര്‍ച്ച ആവശ്യമായി വരും,’ കമല്‍ഹാസന്‍ പറഞ്ഞു.
കോണ്‍ഗ്രസിനോടുളള ഇഷ്ടം കമല്‍ ഇത് ആദ്യമായല്ല വെളിപ്പെടുത്തുന്നത്. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താനായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ അദ്ദേഹം ഇക്കഴിഞ്ഞ ജൂണില്‍ കണ്ടിരുന്നു. ‘ഞങ്ങള്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തു. പക്ഷെ നിങ്ങള്‍ ചിന്തിക്കുന്ന പോലെ അല്ല ഞങ്ങള്‍ ചര്‍ച്ച ചെയ്തത്,’ എന്നായിരുന്നു അന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കമല്‍ പ്രതികരിച്ചത്.
അതേസമയം ഇത് ആദ്യമായാണ് കമല്‍ ഡിഎംകെയ്ക്ക് എതിരെ പരസ്യപ്രതികരണം നടത്തുന്നത്. കാവേരി വിഷയത്തില്‍ മക്കള്‍ നീതി മയ്യം വിളിച്ചു ചേര്‍ത്ത പാര്‍ട്ടികളുടെ യോഗം ഡിഎംകെ ബഹിഷ്കരിച്ചിരുന്നു.